വിഴിഞ്ഞം : മുഖ്യമന്ത്രി വി.ഡി. സതീശന്റെ ബജറ്റ് പ്രഖ്യാപനത്തോടെ വിഴിഞ്ഞവും വികസന സ്വപ്നത്തേരിലേറി . ബജറ്റിൽ പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പിലായാൽ കേരളത്തിന്റെ ഖജനാവ് നിറയ്ക്കാൻ കെൽപ്പുള്ള വിഴിഞ്ഞം ഇന്ത്യയുടെ ഏറ്റവും വലിയ വികസിത നഗരമാകും. ലോകമറിയുന്ന അന്താരാഷ്ട്ര തുറമുഖവും മാരിടൈം ബോർഡിന്റെ തുറമുഖത്തിനുപരി കാലങ്ങളായി ജനം കാത്തിരുന്ന കപ്പൽ നിർമാണശാലയും വിഴിഞ്ഞത്തിന്റെ വിജയഗാഥ രചിക്കാനുതകും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ പണി കടലിൽ ധ്രുതഗതിയിൽ പുരോഗമിക്കുമ്പോൾ അതേ വികസനം കരയിലും എത്തണം. അനുബന്ധ പ്രവർത്തനങ്ങളായ 62.7 കിലോമീറ്റർ നീളുന്ന വിഴിഞ്ഞംനാവായിക്കുളം ഔട്ടർ റിംഗ് റോഡും റെയിൽവേയും യാഥാർഥ്യമാകണം. നാല് വർഷം മുൻപ് അളവെടുപ്പും കല്ലിടലും നടത്തിയ റിംഗ് റോഡിന് പുതുജീവൻ വച്ചത് കോൺഗ്രസ് അധികാരത്തിൽ എത്തിയതോടെയാണ്.
ഇക്കഴിഞ്ഞ 11 ന് ആദ്യമായി കാട്ടാക്കടയിൽ നടന്ന പബ്ളിക് ഹിയറിംഗിൽ പൊതുജനങ്ങളിൽ ഭൂരിഭാഗവും റിംഗ് റോഡിന് പിന്തുണയുമായി രംഗത്തിറങ്ങി. സംസ്ഥാനവിഹിതമായ 3251 കോടി രൂപ നൽകാമെന്ന കത്ത് ദേശീയ പാതാ അധികൃതർക്ക് നൽകിയതായും അറിയുന്നു. ഇനി സെൻട്രൽ കാബിനറ്റിന്റെ തീരുമാനമുണ്ടായാൽ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വേഗത കൂടും. 24 വില്ലേജുകളിൽ കൂടി 45 മീറ്റർ വീതിയിൽ കടന്നുപോകുന്ന റോഡ് മുപ്പത് മാസം കൊണ്ട് പൂർത്തികരിക്കുമെന്ന ഉറപ്പു ലഭിച്ചതായി റിംഗ് റോഡ് ആക്ഷൻ കൗൺസിൽ ഭാരവാഹികളും പറയുന്നു. ബാലരാമപുരം മുതൽ വിഴിഞ്ഞം വരെ നീളുന്ന ഭൂഗർഭ റെയിൽവേയും വരുന്നതോടെ വിഴിഞ്ഞത്തിന്റെ മുഖച്ഛായയും അപ്പാടെ മാറും.
പച്ഛാത്തല വികസനം എത്തിയാൽ മാത്രമേ കരവഴിയുള്ള കണ്ടെയ്നർ നീക്കത്തിനൊപ്പം വിവിധ കമ്പനികളുടെ ഗോഡൗണുകളും ഓഫീസുകളും കണ്ടെയ്നർ യാർഡുകളും വിഴിഞ്ഞത്ത് എത്തുകയുള്ളു. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെയുള്ള തീരുമാനങ്ങളിൽ പ്രതീക്ഷയർപ്പിക്കുകയാണ് ഇവിടുള്ളവർ. കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശം, രണ്ട് തുറമുഖങ്ങൾ, ഒരു ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ, 17 നോൺ മേജർ തുറമുഖങ്ങൾ മറ്റനേകം ജലസ്രോതസ്സുകൾ, തുടങ്ങിയ സാധ്യതകൾ സംയോജിപ്പിച്ച് അഞ്ചുവർഷത്തിനുള്ളിൽ കേരളത്തെ ലോക മാരിടൈം ഭൂപടത്തിൽ വൻ ശക്തിയായി ഉയർത്തുന്നതിനുള്ള പദ്ധതിയായ "മിഷൻ സമുദ്ര" നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിലും പ്രധാനം വിഴിഞ്ഞം തന്നെയായിരുന്നു.
വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് ചുറ്റും നിർമാണ മേഖലകൾ, സ്റ്റഫിംഗ് സെന്ററുകൾ, ഡ്രൈ പോർട്ട് എന്നിവയും ആരംഭിക്കും. ആഗോള ഷിപ്പിംഗ് വ്യവസായം ഹരിത ഇന്ധനങ്ങളിലേക്ക് മാറിയ അവസരം പ്രയോജനപ്പെടുത്തി, ഗ്രീൻ ബങ്കറിംഗ് സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ ഉയർത്തും. മദർഷിപ്പ് നിർമാണം, അവയുടെ അറ്റകുറ്റപ്പണി എന്നിവ ലക്ഷ്യമാക്കി കപ്പൽ നിർമാണ കേന്ദ്രം സ്ഥാപിക്കും. ഇതിനായി ആവശ്യമായ സ്ഥലം ഏറ്റെടുത്ത് അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കും. തൊഴിലവസരങ്ങളിൽ തീരപ്രദേശത്ത് ജീവിക്കുന്ന സാധാരണക്കാർക്ക് സംവരണം നൽകുമെന്നതും എല്ലാം ഒരു ചരിത്ര പ്രഖ്യാപനമായാണ് വിഴിഞ്ഞം കാണുന്നത്.
Tags : Local News Nattuvishesham Thiruvananthapuram