സംസ്ഥാന ഭക്ഷ്യ കമ്മീഷനംഗം വി. രമേശൻ പണപൊയിൽ അങ്കണവാടി സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുന്നു.
നിലമ്പൂര്‍: പണപൊയില്‍ അങ്കണവാടിയിലെ വാട്ടര്‍ ടാങ്കില്‍ ഹാര്‍പ്പിക്ക് കലര്‍ത്തിയ സംഭവത്തില്‍ അടിയന്തര ഇടപെടലുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്. ജില്ലയുടെ ചുമതലയുള്ള കമ്മീഷന് അംഗം വി. രമേശന് പണപൊയില്‍ അങ്കണവാടിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഒക്ടോബര്‍ 31നാണ് ചാലിയാര്‍ പഞ്ചായത്തിലെ പണപൊയില്‍ അങ്കണവാടിയിലെ വാട്ടര്‍ ടാങ്കില്‍ ഹാര്‍പ്പിക്ക് കലര്‍ത്തിയത് അറിഞ്ഞത്. സംസ്ഥാന ഭക്ഷ്യ കമ്മീഷന് ലഭിച്ച പരാതിയുടെയും മാധ്യമ വാര്‍ത്തകളുടെയും അമ്മമാരുടെ പ്രതിഷേധത്തിന്റെയും ഭാഗമായാണ് അടിയന്തര സന്ദര്‍ശനമെന്ന് കമ്മീഷന് അംഗം വി. രമേശന് പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് ചാലിയാര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അന്നുതന്നെ പൊലിസിന് പരാതി നല്‍കിയിട്ടും ഇതുവരെ കാര്യമായ അന്വേഷണ പുരോഗതി ഉണ്ടാവാത്തത് അമ്മമാരുടെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ ആശങ്കയകറ്റാന്‍ അങ്കണവാടി പരിസരവും വാട്ടര്‍ ടാങ്കും കിണറും ഉള്‍പ്പെടെ സുരക്ഷിതമായി സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.
ഇതിനായി രക്ഷിതാക്കളെയും പഞ്ചായത്ത് ഭരണസമിതിയെയും പങ്കെടുപ്പിച്ച് അടിയന്തരമായി യോഗം വിളിക്കാന്‍ സിഡിപിഒയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.അങ്കണവാടി പരിസരത്ത് കിണറിനുള്ള റിംഗുകളും വിറകുകളും ഉള്‍പ്പെടെ സ്വകാര്യ വ്യക്തികള്‍ നിക്ഷേപിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അങ്കണവാടിയുടെയും പഞ്ചായത്തിന്റെയും അല്ലാത്ത മുഴുവന്‍ സാധനങ്ങളും പരിസരത്തുനിന്ന് മാറ്റാന്‍ ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കാനും സിഡിപിഒയെ ചുമതലപ്പെടുത്തി. സംസ്ഥാനത്തെ ഭൂരിഭാഗം അങ്കണവാടികള്‍ക്കും ചുറ്റുമതിലോ കമ്പിവേലിയോ ഉണ്ട്. നിലവില്‍ അമ്മമാരുടെ ആശങ്ക പരിഹരിക്കാന്‍ അടിയന്തരമായി ചുറ്റുമതില്‍ നിര്‍മിക്കാന്‍ പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അമ്മമാരുടെ ആശങ്ക ഗൗരവമുള്ളതാണെന്നും അതിനാല്‍ ഭക്ഷ്യ കമ്മീഷന്റെ ഭാഗത്തുനിന്ന് കര്‍ശന നടപടി ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. അങ്കണവാടിയിലെ വാട്ടര്‍ ടാങ്ക്, കിണര്‍, ഫില്‍ട്ടര്‍ എന്നിവയുടെ ശുചീകരണം, ആവശ്യമായ ബള്‍ബുകള്‍ സ്ഥാപിക്കല്‍, അങ്കണവാടിയുടെ കാലപ്പഴക്കം ചെന്ന സീലിംഗ് മാറ്റല്‍ എന്നിവ അടിയന്തരമായി പരിഹരിക്കാനും പഞ്ചായത്തിന് നിര്‍ദേശം നല്കി. പഞ്ചായത്ത് അടിയന്തരമായി 10,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും അങ്കണവാടി ഉടന്‍ ഹൈടെക് ആക്കുമെന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോണിക്കടവന്‍ ഷൗക്കത്ത് കമ്മീഷനെ അറിയിച്ചു.സ്ഥലം സംബന്ധമായ കാര്യങ്ങള്‍ നടക്കുന്നതിനാലാണ് ചുറ്റുമതില്‍ നിര്‍മാണം വൈകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലിസ് അന്വേഷണം ഊര്‍ജിതമാക്കാന്‍ ഡിജിപിയെ കണ്ട് കമ്മീഷന് ആവശ്യപ്പെടും. വാട്ടര്‍ ടാങ്കില്‍ ഹാര്‍പ്പിക്ക് കലര്‍ത്തിയ സംഭവത്തില്‍ പൊലിസും ആരോഗ്യ വകുപ്പും തികഞ്ഞ അനാസ്ഥയാണ് തുടരുന്നതെന്ന് അമ്മമാര്‍ കമ്മീഷനെ അറിയിച്ചു. സംഭവം അതീവ ഗൗരവമായാണ് കാണുന്നതെന്നും സംസ്ഥാന ഭക്ഷ്യ കമ്മീഷന് ചെയര്മാന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വി. രമേശന് പറഞ്ഞു. അതത് വകുപ്പ് സെക്രട്ടറിമാര്‍ക്കും നിയമസഭയ്ക്കും ചെയര്മാന് റിപ്പോര്‍ട്ട് കൈമാറും.
കമ്മീഷന് അംഗം വി. രമേശനൊപ്പം സിഡിപിഒ പി.ജി. നിഷ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ വി.ടി. സിന്ധു, റേഷനിംഗ് ഇന്‍സ്പെക്ടര്‍ കെ. വിനീത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോണിക്കടവന്‍ ഷൗക്കത്ത്, പ്രതിപക്ഷ നേതാവ് സഹില്‍ അകമ്പാടം എന്നിവരും അങ്കണവാടിയില്‍ എത്തിയിരുന്നു.
Tags : Harpic into a water tank anganwadi NattuVishesham DistrictNews