കാട്ടാന നശിപ്പിച്ച തെങ്ങ്.
നിലമ്പൂര്‍: മൂലേപ്പാടം തറമുറ്റത്ത് കാട്ടാനയുടെ പരാക്രമം. കായ്ഫലമുള്ള 27 തെങ്ങുകളും വാഴകള്‍ ഉള്‍പ്പെടെയുള്ള കൃഷികളും നശിപ്പിച്ചു. സംരക്ഷണ മതിലും സോളാര്‍ വൈദ്യുത വേലിയും മറികടന്നാണ് കൃഷിയിടത്തില്‍ നാശം വിതച്ചത്.ചാലിയാറില്‍ കാട്ടാനകള്‍ വ്യാപകമായി തെങ്ങ് ഉള്‍പ്പെടെയുള്ള കൃഷികള്‍ നശിപ്പിക്കുന്നത് പതിവായതോടെ കുടിയേറ്റ കര്‍ഷകര്‍ ഭീതിയിലാണ്.മൂലേപ്പാടം തറമുറ്റത്തുള്ള കെ.കെ. മുരളീധരന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കായ്ഫലമുള്ള 27 തെങ്ങുകളും മറ്റ് കൃഷികളും നശിപ്പിച്ചത്.
50-ലേറെ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ് കാട്ടാന ഭീതി. ചാലിയാര്‍ പഞ്ചായത്തിലെ ശല്യക്കാരായ കാട്ടാനകളെ കാടുകയറ്റാന്‍ നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ കെ.കെ. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ ഒരു ഭാഗത്ത് ശ്രമം നടത്തുമ്പോഴാണ് മൂലേപ്പാടം തറമുറ്റത്ത് അപകടകാരിയായ മോഴയാന വ്യാപകമായി കൃഷി നശിപ്പിച്ചത്.
വനംവകുപ്പ് കാട്ടാനകളെ കാടുകയറ്റാന്‍ രണ്ടാം ദിവസം ദൗത്യം തുടരുന്നതിനിടയിലാണിത്.
സ്ഥലത്തിന്റെ മൂന്ന് ഭാഗത്തും കോണ്‍ക്രീറ്റ് മതിലും ഒരു ഭാഗത്ത് സോളാര്‍ വൈദ്യുത വേലിയും സ്ഥാപിച്ചിട്ടും അതൊക്കെ മറികടന്നാണ് കാട്ടാന കൃഷി നശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി വനം ആര്‍ആര്‍ടി സംഘം രണ്ട് മണിക്കൂറിലേറെ കാട്ടാനകളെ കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നു.
എന്നാല്‍, വനപാലകര്‍ പോയ ശേഷമാണ് കാട്ടാന ഇറങ്ങിയത്. കഴിഞ്ഞ നവംബറില്‍ ഈ മോഴയാനയാണ് അരയാട് എസ്റ്റേറ്റില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ചവിട്ടിക്കൊന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.
എടക്കോട് വനം സ്റ്റേഷന് പരിധിയില്‍ പെരുവമ്പാടം ഒപി പരിധിയിലുള്ള മലോടി ഭാഗത്ത് പകല്‍ സമയം തമ്പടിക്കുന്ന മോഴയാന രാത്രിയാകുന്നതോടെ കുറുവന്‍പുഴ കടന്നാണ് തറമുറ്റം ഭാഗത്തേക്ക് എത്തുന്നത്.ഒരു മാസം മുന്‍പ് ഈ മോഴയാനയെ വനപാലകര്‍ മൂവായിരം വനമേഖലയിലേക്ക് കടത്തിവിട്ടിരുന്നെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങിയെത്തുകയായിരുന്നു.
കാട്ടാനകളെ തുരത്തൽ:ദൗത്യം മൂന്നാം ദിനത്തിലേക്ക്
നിലമ്പൂര്‍: ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനകളെ കാടുകയറ്റുന്നതിനായി വനം വകുപ്പ് ആരംഭിച്ച പ്രത്യേക ദൗത്യം മൂന്നാം ദിവസത്തിലേക്ക് കടന്നു. രണ്ട് ദിവസങ്ങളിലായി നടത്തിയ തിരച്ചിലില്‍ ആനകളെ പൂര്‍ണമായും തുരത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ദൗത്യം തുടരാന്‍ നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ കെ.കെ. സുനില്‍ കുമാര്‍, എസിഎഫ് അനീഷാ സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.
അഞ്ച് ടീമുകളായി തിരിഞ്ഞ് 80ഓളം വനപാലകര്‍ ഉള്‍പ്പെടുന്ന പ്രത്യേക ദൗത്യസംഘമാണ് കഴിഞ്ഞ ദിവസവും പൊക്കോട്, കാനക്കുത്ത് വനമേഖലകളില്‍ തെരച്ചില്‍ നടത്തിയത്. കാട്ടാനകളുടെ കാല്‍പ്പാടുകള്‍ കണ്ടെങ്കിലും ആനകളെ കണ്ടെത്താനായില്ല. നിലമ്പൂര്‍ റേഞ്ച് ഓഫീസര്‍ ജിതേഷ്, എടവണ്ണ റേഞ്ച് ഓഫിസര്‍ ഷംനാസ്, ഡെപ്യൂട്ടി റേഞ്ചര്‍മാരായ കെ.പി. അഭിലാഷ്, പി.എന്‍. സജീവന്, മനോജ് കുമാര്‍, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യം തുടരുന്നത്. പ്രദേശത്ത് രാത്രികാല പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.
Tags : widespread destruction of crops. Wild elephants NattuVishesham DistrictNews