മഞ്ചേരി: സ്വതന്ത്ര മാധ്യമ പ്രവർത്തനം പുതിയ കാലത്ത് വെല്ലുവിളികൾ നേരിടുന്നതായി അഡ്വ. യു.എ. ലത്തീഫ് എംഎൽഎ. മഞ്ചേരി പ്രസ്ക്ലബ് നടത്തിയ കുടുംബ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചില അച്ചടി, ദൃശ്യ മാധ്യമങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ പ്രേക്ഷകരുടെ എണ്ണം കൂട്ടാൻ നെഗറ്റീവ് വാർത്തകളിൽ താത്പര്യം കാണിക്കുന്ന സ്ഥിതിയാണ്. നിഷ്പക്ഷമാണെന്ന് അവകാശപ്പെടുന്പോൾ പോലും വാർത്തകളിലും വിശകലനങ്ങളിലും വിരുദ്ധമായ സമീപനം കാണാം. സത്യം അറിയാൻ ജനങ്ങൾക്ക് നേരിട്ട് അന്വേഷിക്കേണ്ട സാഹചര്യമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
പ്രസ് ക്ലബ് പ്രസിഡന്റ് സി. ജമാൽ അധ്യക്ഷത വഹിച്ചു. തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം പി.എച്ച്. ഷമീം എന്നിവർക്ക് പ്രസ് ക്ലബ് ഉപഹാരം സമ്മാനിച്ചു.
നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ വല്ലാഞ്ചിറ സക്കീർ, നഗരസഭ പ്രതിപക്ഷ നേതാവ് എം. നിസാറലി, വി.എം.മുസ്തഫ, ഭാരവാഹികളായ കെ. എം. എ. ഷുക്കൂർ, എം. ശശികുമാർ, ബഷീർ കല്ലായി, സാലി മേലാക്കം, ടി. പ്രവീണ്‍, അജ്മൽ അബൂബക്കർ എന്നിവർ പ്രസംഗിച്ചു.