പോഷകാഹാരക്കുറവുമൂലം മരിച്ച കുഞ്ഞിന്റെ വീട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചപ്പോൾ.
ഹരിപ്പാട്: കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവു മൂലം രണ്ടു വയസുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ വീട് മന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു. കുടുംബാംഗങ്ങളുമായി സംസാരിച്ച മന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ദമ്പതികളായ രാജേഷിന്റെയും താരയുടെയും മക്കളെ മുൻപ് ശിശുക്ഷേമ സമിതിയിലും ഗാന്ധിഭവനിലും ഏൽപ്പിച്ചിരുന്ന വിവരങ്ങൾ ഉൾപ്പെടെ ജനപ്രതിനിധികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇവരുടെ മറ്റ് അഞ്ചു കുട്ടികളുടെയും തുടർസംരക്ഷണം പൂർണമായി ഉറപ്പാക്കുമെന്നും ആവശ്യമായ എല്ലാ കരുതൽ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ശിശുസംരക്ഷണ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മാനസികമായ അസ്ഥിരത പ്രകടിപ്പിക്കുന്ന രക്ഷിതാക്കൾക്ക് ആവശ്യമെങ്കിൽ വിദഗ്ദ്ധ കൗൺസിലിംഗ് ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥലത്തുണ്ടായിരുന്ന ആശാ പ്രവർത്തകരോടും അംഗനവാടി ജീവനക്കാരോടും മന്ത്രി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ജില്ലാ പഞ്ചായത്തംഗം ബബിത ജയൻ, നഗരസഭാധ്യക്ഷ കെ.എം. വൃന്ദ, വാർഡ് അംഗങ്ങളായ രമ്യ, സിനി എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Tags :