ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ നിര്‍മിക്കുന്ന ഒമ്പത് നില മന്ദിരം.
കരുനാഗപ്പള്ളി: കിഫ്ബി പദ്ധതിയില്‍ നിന്ന് അനുവദിച്ച 66.23 കോടി ചെലവഴിച്ച് കരുനാഗപ്പള്ളി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ നിര്‍മിക്കുന്ന ഒമ്പത് നില മന്ദിരത്തിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണെന്ന് സി.ആര്. മഹേഷ് എംഎല്‍എ അറിയിച്ചു.
കരുനാഗപ്പള്ളിയുടെ മുന്‍ എംഎല്‍എ ആര്. രാമചന്ദ്രന്റെ കാലത്താണ് കെട്ടിടത്തിന് തുക അനുവദിച്ചത്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്ഡിനന്റെ സിവില്‍ വിഭാഗം രണ്ട് ഘട്ടങ്ങളായാണ് ഇതിനന്റെ നിര്‍മ്മാണം ഏറ്റെടുത്തത്.
19,706 ചതുരശ്ര അടി വിസ്തീര്ണണമുള്ള മന്ദിരത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി നിലവില്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
രണ്ടാം ഘട്ടത്തിലെ ഒമ്പതുനില കെട്ടിടത്തിന്റെ പണികളാണ് ഇപ്പോള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുന്നത്. വരും മാസങ്ങളില്‍ പണി പൂര്‍ത്തിയാക്കി സെപ്തംബര്‍ അവസാന വാരത്തിലോ ഒക്ടോബറിലോ ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലാണ്.
357 കിടക്കകള്‍
ആകെ 357 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് പുതിയ കെട്ടിടത്തില്‍ ഒരുങ്ങുന്നത്. 40 പേ വാര്‍ഡുകളില്‍ 20 എണ്ണം എസിയും 20 എണ്ണം നോണ്‍ എസിയും ആയിരിക്കും. ലിഫ്റ്റ് സംവിധാനങ്ങളുടെ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ആശുപത്രി വളപ്പില്‍ ശേഖരിച്ചിരിക്കുന്ന മണ്ണ് നഗരസഭയുടെ നിയന്ത്രണത്തിലുള്ള വസ്തുവിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
നിര്‍മാണ പുരോഗതി വിലയിരുത്തി
കരുനാഗപ്പള്ളി നഗരസഭാ ചെയര്മാന് പി. സോമരാജന്, വൈസ് ചെയര്‍പേഴ്സണ്‍ ബീന ജോണ്സണ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മുനമ്പത്ത് ഗഫൂര്‍, മറ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ ആശ അനില്‍, പി. രാജു, ബി. മോഹന്‍ദാസ്, എം. ശോഭന, വിവിധ കൗണ്‍സിലര്‍മാര്‍, കരാര്‍ കമ്പനിയുടെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍, ആശുപത്രി ആര്‍എംഒ എന്നിവരടങ്ങുന്ന സംഘം ആശുപത്രിയിലെത്തി നിര്‍മാണ പുരോഗതി വിലയിരുത്തി. പ്രൊജക്ടുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ വിപുലമായ അവലോകന യോഗം ചേരുമെന്നും എംഎല്‍എ അറിയിച്ചു.
ഒറ്റനോട്ടത്തില്‍
ആകെ ചെലവ്: 66.23 കോടി (കിഫ്ബി പദ്ധതി)
ആകെ വിസ്തീര്‍ണം: 19,706 ചതുരശ്ര അടി
നിര്‍മാണം: കെഎസ്ഇബി സിവില്‍ വിഭാഗം
കിടക്കകളുടെ എണ്ണം: 357 (കിടത്തിച്ചികിത്സാ സൗകര്യം)
പേ വാര്‍ഡുകള്‍: 40 റൂമുകള്‍ (20 എസി/20 നോണ്‍ എസി)
നിലകള്‍ തിരിച്ചുളള പ്രവര്‍ത്തന ക്രമീകരണം
ഗ്രൗണ്ട് ഫ്ളോര്‍: കാന്റീന്, പിആര്‍ഒ ഓഫീസ്, ഒപി വിഭാഗം.
ഒന്നാം നില: എംസിഎംഐസി യൂണിറ്റ്, ഡെലിവറി വാര്‍ഡ്, പാലിയേറ്റീവ് വാര്‍ഡ്, ബ്ലഡ് ബാങ്ക്.
രണ്ടാം നില: അഡ്മിനിസ്ട്രേഷന് ബ്ലോക്ക്, ലബോറട്ടറി.
മൂന്നാം നില: ഗൈനക്കോളജി ആന്‍ഡ് ഒബിജി വാര്‍ഡ്.
നാലാം നില: പീഡിയാട്രിക് വാര്‍ഡ്, ഇഎന്‍ടി വാര്‍ഡ്, ഓര്‍ത്തോ വാര്‍ഡ്.
അഞ്ച്, ആറ് നിലകള്‍: പേ വാര്‍ഡ്, മെഡിക്കല്‍ വാര്‍ഡ്.
ഏഴാം നില: ഒഫ്ത്താല്‍മോളജി (കണ്ണ്) വിഭാഗം.
എട്ടാം നില: പേ വാര്‍ഡ്, ജെറിയാട്രിക് (മുതിര്‍ന്ന പൗരന്മാര്ക്കുള്ള) വാര്‍ഡ്.
ഒമ്പതാം നില: ഓപ്പറേഷന് തിയേറ്റര്‍ കോംപ്ലക്സ്, ഐസിയു, പാലിയേറ്റീവ് വാര്‍ഡ്, സൈക്യാട്രി, റേഡിയോളജി വിഭാഗങ്ങള്‍.