നീലേശ്വരം കരുവാച്ചേരി തോട്ടത്തിനു സമീപം വാഹനങ്ങളുടെ പാർക്കിംഗിനായി വിട്ടുനൽകാൻ നിർദേശിക്കപ്പെട്ട സ്ഥലം.
നീലേശ്വരം: ദേശീയപാതയിലെ ദീർഘദൂര ചരക്കുലോറികളടക്കമുള്ള വാഹനങ്ങളുടെ പാർക്കിംഗ് പ്രശ്നം പരിഹരിക്കാൻ ഇടംതേടി നീലേശ്വരം നഗരസഭ. കരുവാച്ചേരി ദേശീയപാതയോരത്ത് കാർഷിക സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള സ്ഥലവും നിടുങ്കണ്ടയിൽ ദേശീയപാതയ്ക്കും കച്ചേരിക്കടവ് പാലത്തിലേക്കുള്ള നിർദിഷ്ട റോഡിനും സമീപത്തായുള്ള സ്ഥലവുമാണ് ഇതിനായി പരിഗണിക്കുന്നത്.
കരുവാച്ചേരി തോട്ടത്തിൽനിന്ന് ദേശീയപാതാ നിർമാണത്തിനായി വിട്ടുനൽകിയ സ്ഥലത്തിന്റെ ബാക്കിയും ദേശീയപാതാ വിഭാഗത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള പഴയ ദേശീയപാതയുടെ സ്ഥലവും ഇപ്പോൾ കാടുപിടിച്ചു കിടക്കുകയാണ്. എന്നാൽ തോട്ടത്തിന്റെ ഭൂമി വീണ്ടും വിട്ടുനൽകുന്ന കാര്യത്തിൽ സർവകലാശാലയിലെ ജീവനക്കാരുടെയും നാട്ടുകാരുടെയും ഭാഗത്തുനിന്ന് കടുത്ത എതിർപ്പുയരുമെന്ന കാര്യം ഉറപ്പാണ്.
പിലിക്കോട് കാർഷിക ഗവേഷണകേന്ദ്രത്തിലെ തെങ്ങിൻതോട്ടത്തിന്റെ ഒരു ഭാഗം മത്സ്യഫെഡിന്റെ പെട്രോൾ പമ്പ് തുടങ്ങാൻ വിട്ടുനൽകണമെന്ന ആവശ്യം വിവാദമായതിനു പിന്നാലെയാണ് നീലേശ്വരത്തും സമാനമായ ആവശ്യമുയരുന്നത്. കൃഷിത്തോട്ടത്തിന്റെ ഭൂമി പെട്രോൾ പമ്പിനായി വിട്ടുനൽകിയാൽ തുടർന്നും സമാനമായ ആവശ്യങ്ങൾ ഉയർന്നുവരുമെന്ന് അപ്പോൾതന്നെ ജീവനക്കാരും വിദ്യാർഥികളും നാട്ടുകാരും ചൂണ്ടിക്കാട്ടിയിരുന്നതാണ്. വർഷങ്ങൾക്കുമുമ്പ് നീലേശ്വരത്ത് പുതിയ ബസ് സ്റ്റാൻഡ് നിർമിക്കുന്നതിനായും കരുവാച്ചേരി തോട്ടത്തിന്റെ ഭൂമി നഗരസഭ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാർഷിക സർവകലാശാല ഈ ആവശ്യം നിരസിച്ചതോടെയാണ് പഴയ ബസ് സ്റ്റാൻഡ് ഉണ്ടായിരുന്ന സ്ഥലത്തുതന്നെ പുതിയത് നിർമിച്ചത്.
തൊട്ടടുത്ത് പാതയുടെ പ്രവൃത്തികൾ നടക്കുന്നതിനാലാണ് ദേശീയപാതയോരത്തെ സ്ഥലം കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയാതിരുന്നതെന്നും ദേശീയപാത നിർമാണത്തിന്റെ മണ്ണും പൊടിയുമൊക്കെ മാറിയാൽ ഇവിടം വീണ്ടും കൃഷിക്കായി ഉപയോഗപ്പെടുത്താനാകുമെന്നും തോട്ടത്തിലെ ജീവനക്കാർ പറയുന്നു. അതിനുപകരം വാഹനപാർക്കിംഗിനായി ഈ സ്ഥലം വിട്ടുനൽകേണ്ടിവന്നാൽ തോട്ടത്തിന്റെ അവശേഷിക്കുന്ന ഭാഗവും മാലിന്യപ്രശ്നത്തിന്റെ പിടിയിലാകുമെന്നാണ് അവരുടെ ആശങ്ക.
നിടുങ്കണ്ടയിൽ ചതുപ്പുനിലമുൾപ്പെടെ 75 സെന്റോളം റവന്യു ഭൂമിയുള്ളതായാണ് കണക്ക്. ഇവിടെ ദേശീയപാതയുടെ എതിർവശത്ത് നേരത്തേ ഡിടിപിസിയുടെ വഴിയോര പാർക്കും ഭക്ഷണശാലയം പ്രവർത്തിച്ചിരുന്ന ഇടമാണ് ഉള്ളത്. ഇപ്പോൾ വെറുതേ കിടക്കുന്ന ഈ സ്ഥലത്ത് ചരക്കുവാഹനങ്ങളിലെ തൊഴിലാളികൾക്ക് വിശ്രമത്തിനും പ്രാഥമിക ആവശ്യങ്ങൾക്കും ഭക്ഷണത്തിനുമുള്ള സൗകര്യം ഒരുക്കാനാകും. ഇതിനായി ഇവിടെ ദേശീയപാതയ്ക്കു കുറുകേ ഒരു മേൽനടപ്പാത നിർമിച്ചാൽ മതിയാകും.
എന്നാൽ ഇവിടെ വഴിയോരവിശ്രമകേന്ദ്രവും അനുബന്ധസൗകര്യങ്ങളുമൊരുക്കിയാൽ അത് വാഹനങ്ങളുടെ പാർക്കിംഗിനായി ഉപയോഗപ്പെടുത്തുന്നതിനേക്കാൾ കൂടുതൽ നല്ലത് പൊതുജനങ്ങൾക്ക് വിശ്രമത്തിനും വിനോദത്തിനുമുള്ള കേന്ദ്രമാക്കി മാറ്റുന്നതാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ദേശീയപാതയുടെയും പുഴയുടെയും സാമീപ്യവും പുതിയ കച്ചേരിക്കടവ് പാലത്തിലൂടെ നീലേശ്വരം നഗരത്തിലേക്കും മറ്റിടങ്ങളിലേക്കും എളുപ്പത്തിൽ എത്താനുള്ള സൗകര്യവുമെല്ലാം ഇതിനു ഗുണകരമാകും. വളഞ്ഞ വില്ലിന്റെ ആകൃതിയിൽ നിർമിക്കുന്ന കച്ചേരിക്കടവ് പാലത്തിന്റെയും പുഴയിലൂടെയുള്ള ബോട്ടിംഗിന്റെയും വിനോദസഞ്ചാര സാധ്യതകളും ഇതുവഴി പ്രയോജനപ്പെടുത്താനാകും.
Tags : NattuVishesham DistrictNews