കാലാവസ്ഥ വ്യതിയാനം മൂലം കാലവർഷം നിലച്ച് ജലക്ഷാമം നേരിട്ടുതുടങ്ങിയിട്ടും അറ്റകുറ്റപ്പണികൾ നടത്താതെ അടഞ്ഞ് കിടക്കുന്ന പെരിയാർ വാലി കനാൽ.
കോതമംഗലം: കാലവർഷം ചതിച്ചതിനെ തുടർന്ന് കോതമംഗലത്ത് വിവിധ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ ജലക്ഷാമം തുടങ്ങി. ഇതോടെ വരൾച്ച ഒഴിവാക്കാൻ പെരിയാർവാലി കനാൽ തുറക്കണമെന്നാവശ്യം ശക്തമാകുന്നു. പൈനാപ്പിള്‍, വാഴ, നെല്ല് തുടങ്ങിയ കൃഷികളെയെല്ലാം ജലക്ഷാമം പ്രതികൂലമായി ബാധിക്കുവാൻ തുടങ്ങി. കിണറുകള്‍ ഉള്‍പ്പടെയുള്ള കുടിവെള്ള സ്രോതസുകള്‍ നേരത്തെ വറ്റുമെന്ന ആശങ്കയും ശക്തമാണ്. ഈ സാഹചര്യത്തിലാണ് പെരിയാര്‍വാലി കനാലുകള്‍ തുറക്കണമെന്ന ആവശ്യം ഉയരുന്നത്.
സാധാരണയായി മഴക്കാലം ആരംഭിക്കുന്നതോടെ ജൂണ്‍ മാസത്തിൽ അടയ്ക്കുന്ന പെരിയാർവാലി കനാല്‍ തുലാവര്‍ഷവും കഴിഞ്ഞ് ഡിസംബര്‍-ജനുവരി മാസങ്ങളോടെയാണ് തുറക്കാറുള്ളത്. മഴയിലുണ്ടായിട്ടുള്ള ഗണ്യമായ കുറവ് കാര്‍ഷിക മേഖലക്ക് വലിയ തിരിച്ചടിയാകാന്‍ ഇടയുണ്ട്. ജലക്ഷാമം പരിഹരിക്കണമെങ്കില്‍ പെരിയാര്‍വാലി കനാലിലൂടെ ജലവിതരണം ആരംഭിക്കേണ്ടതുണ്ട്. ഇക്കാര്യം ഉന്നയിച്ച് ജലക്ഷാമം നേരിട്ടുതുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് പെരിയാര്‍വാലി അധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനങ്ങള്‍ കിട്ടിത്തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ കനാല്‍ പതിവിലും നേരത്തെ തുറക്കുന്നത് എളുപ്പമാകില്ലെന്നാണ് പെരിയാര്‍വാലി അധികൃതര്‍ സൂചിപ്പിക്കുന്നത്. കനാലുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നതാണ് പ്രധാന കാരണം. ചെളിയും മാലിന്യങ്ങളും കാടും നീക്കി കനാലുകളുടെ ശുചീകരണം നടത്തിയിട്ട് വേണം കനാൽ തുറന്ന് വെള്ളം വിടാൻ.
Tags : NattuVishesham DistrictNews