കായംകുളം: കെഎസ്ആർടിസി ബസ് ടെർമിനലിന്റെ നിർമാണം നടക്കുന്ന സ്ഥലം വെള്ളത്തിൽ മുങ്ങിയതോടെ നിർമാണം പ്രതിസന്ധിയിൽ. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലാണ് ബസ് സ്റ്റേഷൻ വെള്ളത്തിലായത്. മഴയും വെയിലുമേൽക്കാതെ ബസ് കാത്തുനിൽക്കുന്നതിനു മതിയായ സൗകര്യമില്ലാത്തത് യാത്രക്കാരെയും ദുരിതത്തിലാക്കുകയാണ്.
കെട്ടിടനിർമാണം നീളുന്നതിനാൽ മഴക്കാലത്ത് യാത്രക്കാർ ദുരിതത്തിലാകുന്ന അവസ്ഥയാണ്. രണ്ടുവർഷം മുമ്പാണ് അപകടാവസ്ഥയിലായിരുന്ന ബസ് സ്റ്റേഷന്റെ പഴയ കെട്ടിടം പൊളിച്ചത്. പുതിയ കെട്ടിടം നിർമിക്കുന്നതിന് സർക്കാർ ബജറ്റ് വിഹിതമായി 10 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, നിർമാണം ടെൻഡർ ചെയ്യുന്നതിന് കാലതാമസമുണ്ടായി. തെരഞ്ഞെടുപ്പിനു മുമ്പ് പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന്റെ മേൽനോട്ടത്തിൽ നിർമാണമാരംഭിച്ചെങ്കിലും അടിത്തറപോലുമായിട്ടില്ല.
പഴയ കെട്ടിടം പൊളിച്ചുമാറ്റിയ ഭാഗത്തുതന്നെയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. അടിത്തറ ബലപ്പെടുത്തുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. പുതിയ കെട്ടിടത്തിന് ബലക്ഷയമുണ്ടാകാതിരിക്കാൻ സ്റ്റോൺകോളം രീതിയിലാണ് നിർമാണം. കെട്ടിടത്തിനു വിള്ളലൊഴിവാക്കാനാണ് ഈ രീതി പിന്തുടരുന്നത്.
ആധുനിക സംവിധാനത്തോടെ 19,500 ചതുരശ്രയടി വിസ്തീർണത്തിലാണ് ബസ് ടെർമിനൽ നിർമിക്കുന്നത്. ശീതീകരിച്ച കാത്തിരിപ്പുകേന്ദ്രങ്ങൾ, ജീവനക്കാർക്കായി പ്രത്യേക ഓഫീസ് സൗകര്യങ്ങൾ, വിശ്രമമുറികൾ, വ്യാപാരകേന്ദ്രങ്ങൾ എന്നിവയോടെയാണ് ടെർമിനൽ നിർമിക്കുന്നത്. കായംകുളം ഡിപ്പോയിൽ ദിവസവും ദീർഘ ദൂര യാത്രക്കാർ ഉൾപ്പെടെ നൂറുകണക്കിനു യാത്രക്കാരാണെത്തുന്നത്.
Tags : nattu vishesham Kayamkulam KSRTC bus