കായംകുളം: കായംകുളം കേന്ദ്രീകരിച്ച് താലൂക്ക് വേണമെന്ന ജനകീയ ആവശ്യത്തിന് വീണ്ടും ചിറക് മുളയ്ക്കുന്നു . പുതിയ ജില്ലകളും താലൂക്കുകളും സാധ്യതാപഠനം സംബന്ധിച്ച യുഡിഎഫ് സർക്കാരിന്റെ നിർദേശമാണ് അരനൂറ്റാണ്ടായുള്ള കായംകുളം താലൂക്ക് രൂപീകരണ ആവശ്യം വീണ്ടും ചർച്ചയാകാൻ ഇടയാക്കിയത്.
ജനങ്ങളുടെ ചിരകാല സ്വപ്നമായ താലൂക്ക് രൂപീകരണം സാക്ഷാത്കരിക്കുമെന്നാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി എം. ലിജു ഉറപ്പു നൽകുന്നത്. സെൻസസ് പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കും. താലൂക്ക് ആവശ്യകത പുതിയ കമ്മിറ്റിക്കു മുന്നിൽ സമർപ്പിക്കും. 1970 മുതലുള്ള താലൂക്ക് ആവശ്യമാണ് രാഷ്ട്രീയ-സാങ്കേതിക കാരണങ്ങളാൽ അട്ടിമറിക്കപ്പെ ട്ടത്.
കായംകുളം നഗരസഭയും ദേവികുളങ്ങര, കൃഷ്ണപുരം, പത്തിയൂർ, കണ്ടല്ലൂർ, മുതുകുളം, ആറാട്ടുപുഴ, വള്ളികുന്നം, ഭരണിക്കാവ് തുടങ്ങിയ പഞ്ചായത്തുകളും കൂട്ടിച്ചേർത്ത് താലൂക്ക് സ്ഥാപിക്കണമെന്നായിരുന്നു നിർദേശം.
1979ൽ താലൂക്ക് പ്രഖ്യാപനം വന്നെങ്കിലും മന്ത്രിസഭ രാജിവച്ചത് തടസമായി.1987ൽ തിരൂരങ്ങാടിക്കൊപ്പം മന്ത്രിസഭ തീരുമാനിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനാൽ നടന്നില്ല. 1993ൽ വിഷയം സബ്മിഷനായി സഭയിൽ വന്നപ്പോൾ അർഹമായ പരിഗണന ഉണ്ടാകുമെന്നായിരുന്നു മറുപടി. പുതിയ താലൂക്കുകൾ സംബന്ധിച്ച് പഠിക്കാനായി നിശ്ചയിച്ച സക്കറിയ മാത്യു കമ്മീഷൻ, 1991ലെ ഡോ. ബാബുപോൾ. കമ്മീഷൻ, 1995ലെ എം.ജി.കെ. മൂർത്തി കമ്മീഷൻ തുടങ്ങിയവയെല്ലാം കായംകുളത്തിന് അനുകൂലമായി റിപ്പോർട്ട് എഴുതിയിരുന്നു.
34 താലൂക്കുകൾകൂടി സ്ഥാപിക്കണമെന്ന ബാബുപോൾ കമ്മീഷൻ ശിപാർശയിൽ ആദ്യഘട്ടമായി നടപ്പാക്കേണ്ടവയിൽ കായംകുളവും ഉൾപ്പെട്ടു. 1996 ഏപ്രിലിൽ ജി. സുധാകരന്റെ ചോദ്യത്തിനും അനുകൂല മറുപടിയാണ് അന്നത്തെ റവന്യു മന്ത്രി നൽകിയത്. പിന്നീട് മൂർത്തി കമ്മീഷന്റെ ശിപാർശയിൽ കായംകുളം അടക്കമുള്ള താലൂക്കുകൾ 2001ൽ മന്ത്രി കെ.ഇ. ഇസ്മായിൽ നിയമസഭയിൽ പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.
പിന്നീടു വന്ന യുഡിഎഫ് സർക്കാർ 24 താലൂക്കുകൾ ലിസ്റ്റ് ചെയ്തിട്ടുള്ളതിൽ വിഭജിക്കുന്ന താലൂക്കുകളുടെ പട്ടികയിൽ കാർത്തികപ്പള്ളി ഉൾപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ അന്ന് പ്രഖ്യാപിച്ച പുതിയ 12 താലൂക്കുകളിലും ഇടംകിട്ടിയില്ല. പിന്നീട് ഇടതുമുന്നണിയുടെ വാഗ്ദാനത്തിൽ ഇടംപിടിച്ചെങ്കിലും സാങ്കേതികത്വം ചൂണ്ടിക്കാട്ടിയുള്ള തടസങ്ങളാൽ അട്ടിമറിക്കപ്പെടുകയായിരുന്നു.
പത്തുവർഷം മുമ്പ് ഇടതുമുന്നണി താലൂക്ക് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഭരണത്തിൽ വന്നപ്പോൾ പിന്നോട്ട് പോവുകയായിരുന്നു. ഇത്തവണ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമായും ഉയർത്തിക്കാട്ടിയത് കായംകുളം താലൂക്ക് യാഥാർഥ്യമാക്കും എന്നതായിരുന്നു. യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ പുതിയ താലൂക്കുകൾ രൂപീകരിക്കുമെന്ന പ്രഖ്യാപനം കായംകുളത്തിനും പ്രതീക്ഷ നൽകുന്നതായി. മന്ത്രി എന്ന നിലയിൽ എം. ലിജുവിന്റെ ഇടപെടലും താലൂക്ക് യാഥാർഥ്യമാകുമെന്ന പ്രതീക്ഷ വർധിപ്പിക്കുകയാണ്.
Tags : nattu vishesham Kayamkulam Taluk Formation