പാലക്കാട്: ജില്ലയിൽ ആദ്യമായി എക്മോ ചികിത്സ വിജയകരമായി പൂർത്തിയാക്കി നെന്മാറ കിംസ് അവൈറ്റിസ് ഹോസ്പിറ്റൽ. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അറുപത്തിയൊന്നു വയസുകാരിക്കാണ് എക്മോ ഉൾപ്പെടെയുള്ള വിദഗ്ധ ചികിത്സ നൽകിയത്.
ഏകദേശം 20 ദിവസത്തെ തീവ്രപരിചരണത്തിനുശേഷം രോഗി ആരോഗ്യനില വീണ്ടെടുത്ത് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയതായി ആശുപത്രി അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.
രക്തത്തിൽ ആവശ്യമായ ഓക്സിജൻ എത്തിക്കാനും രക്തചംക്രമണം നിലനിർത്താനും സഹായിക്കുന്ന അത്യാധുനിക ജീവൻരക്ഷാ സംവിധാനമാണ് എക്മോ.
ശരീരത്തിൽ നിന്ന് രക്തം പ്രത്യേക സംവിധാനത്തിലൂടെ പുറത്തെടുത്ത് ആവശ്യമായ ഓക്സിജൻ നൽകി തിരികെ ശരീരത്തിലെത്തിക്കുന്നതിലൂടെ ഹൃദയത്തിനും ശ്വാസകോശത്തിനും താത്കാലികമായി വിശ്രമം നൽകാൻ ഇതുസഹായിക്കുന്നു.
എക്മോ വിദഗ്ധൻ ഡോ. അരുണ്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. സിടിവിഎസ് സർജൻ ഡോ. കൃഷ്ണകുമാർ, കാർഡിയാക് അനസ്തീഷ്യസ്റ്റ് ഡോ. വിപിൻ, ഡോ. അലൻ തോമസ്, ഡോ. ഷണ്മുഖ സുന്ദരം , ഡോ. മനു സാം മാത്യു (ക്രിട്ടിക്കൽ കെയർ) എന്നിവരടങ്ങിയ വിദഗ്ധ സംഘത്തിന്റെ ഏകോപിതമായ പ്രവർത്തനത്തിലായിരുന്നു ചികിത്സ.
ജില്ലയിൽ സങ്കീർണവും അത്യാധുനികവുമായ ചികിത്സാ സംവിധാനങ്ങൾ ലഭ്യമാക്കുന്നതിനും അഡ്വാൻസ്ഡ് ക്രിട്ടിക്കൽ കെയർ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് കിംസ് കേരള ക്ലസ്റ്റർ സിഇഒയും ഡയറക്ടറുമായ ഫർഹാൻ യാസിൻ അറിയിച്ചു.