കുടുംബശ്രീ ഓണം വിപണനമേളയുടെ ഉദ്ഘാടനം സേനാപതി വേണു എംഎൽഎ നിർവഹിക്കുന്നു.
നെടുങ്കണ്ടം: ഓണം കുടുംബശ്രീക്കൊപ്പം എന്ന ടാഗ് ലൈനോടെ കുടുംബശ്രീ ജില്ലാതല ഓണം വിപണന മേള നെടുങ്കണ്ടത്ത് ആരംഭിച്ചു. മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം സേനാപതി വേണു എം എൽ എ നിർവഹിച്ചു. 25 വരെയാണ് മേള. ജില്ലയുടെ വിവിധ മേഖലകളിൽനിന്നുള്ള കുടുംബശ്രീ സംരംഭകരുടെ തനത് ഉത്പന്നങ്ങളാണ് മേളയിൽ വിപണനത്തിനെത്തിച്ചിരിക്കുന്നത്.
മായമില്ലാതെ തയാറാക്കുന്ന ചിപ്സ്, ശർക്കരവരട്ടി, അച്ചാറുകൾ, വിവിധ പലഹാരങ്ങൾ, പായസ കിറ്റുകൾ തുടങ്ങിയ ഒട്ടേറെ ഉത്പന്നങ്ങൾ മേളയിൽ ലഭ്യമാണ്. 40ലേറെ കുടുംബശ്രീ സംരംഭങ്ങളുടെയും 100ലേറെ ജെഎൽജി ഗ്രൂപ്പുകളുടെയും ഉത്പന്നങ്ങളാണ് മേളയിൽ എത്തിച്ചിരിക്കുന്നത്. ഓണവിപണിയിൽ കുടുംബശ്രീ സംരംഭകർക്ക് കൂടുതൽ അവസരമൊരുക്കുന്നതിനൊപ്പം ഗുണമേന്മയുള്ള നാടൻ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനപ്രതിനിധികൾ, കുടുംബശ്രീ ജില്ലാ നേതൃത്വം, വിവിധ പഞ്ചായത്തുകളിലെ സിഡിഎസ് പ്രവർത്തകർ, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.
Tags : Nattuvishesham District News Kudumbashree Onam Nedumkandam Market