കുട്ടനാട്: കുട്ടനാട്ടിലെ നെല്‍കൃഷിയും മറ്റു പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ഒരു നോഡല്‍ ഓഫീസറും കൃഷി ക്രമീകരിക്കുന്നതിന് ഒരു കാര്‍ഷിക കലണ്ടറും വേണമെന്ന ആവശ്യം ശക്തമാകുന്നു. ജലസേചനം, വൈദ്യുതി തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണമുണ്ടെങ്കിലെ കുട്ടനാട്ടിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാകൂ. നിലവിൽ, കര്‍ഷകര്‍ തന്നെ വിവിധവകുപ്പുകളെ ബന്ധപ്പെട്ട് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകേണ്ട സ്ഥിതിയാണ്.
കുട്ടനാട്ടില്‍ 38,000 ഹെക്ടറിലാണ് പുഞ്ചകൃഷി നടക്കുന്നത്. രണ്ടാം കൃഷിയും പല പാടശേഖരങ്ങളിലും നടക്കുന്നുണ്ട്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ കാലാവസ്ഥ നോക്കി ചിട്ടപ്പെടുത്തുന്നതിന് സ്ഥിരമായി ഒരു കാര്‍ഷിക കലണ്ടര്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നതാണ് ഉയരുന്ന മറ്റൊരാവശ്യം. വിത എപ്പോള്‍ നടത്തണം, വിളവെടുപ്പ് എങ്ങനെ, കുട്ടനാട്ടിലേക്ക് കൃഷി സമയങ്ങളില്‍ ഉപ്പുവെള്ളമെത്തുന്നത് തടയാന്‍ സ്ഥാപിച്ചിട്ടുള്ള തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ ഷട്ടറുകള്‍ എപ്പോള്‍ ഉയര്‍ത്തണം, താഴ്ത്തണം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണ് കാര്‍ഷിക കലണ്ടര്‍.
ഡിസംബര്‍ 15 നടച്ച് മാര്‍ച്ച് 31 തുറക്കുന്ന രീതിയിലാണ് തണ്ണീര്‍മുക്കം ബണ്ടിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. വിത്തു ക്ഷാമവും മറ്റും മൂലം വിത താമസിക്കുന്നതിനാല്‍ ഷട്ടറുകള്‍ തുറക്കുന്നതിലും താമസമുണ്ടാകുന്നു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 10 നാണ് തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നത്. ഷട്ടര്‍ തുറന്ന ഉടനെ വേനല്മഴയുമെത്തിയതിനാല് കുട്ടനാട്ടിലേക്ക് ഉപ്പുവെള്ളം കാര്യമായി എത്തിയില്ല.
കൃഷിക്കു ശേഷം ഷട്ടറുകള്‍ തുറന്ന് കുട്ടനാട്ടിലേക്ക് ഉപ്പുവെള്ളമെത്തിയാലെ ഇവിടത്തെ മത്സ്യസമ്പത്തും കക്കകളുടെ ഉത്പാദനവുമെല്ലാം വര്‍ധിക്കൂ. കുട്ടനാടിനു തലവേദനയായ പോള മാറുന്നതും, ഉപ്പുവെള്ളത്തിലഴുകിയാണ്. കുട്ടനാടിന്റെ ശുദ്ധീകരണം നടക്കുന്നതും ഉപ്പുവെള്ളം കയറുമ്പോഴാണ്. പരിസ്ഥിതി പ്രധാന്യമുള്ള കുട്ടനാട്ടില്‍ നടക്കേണ്ട ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ഒരു നോഡല്‍ ഓഫീസ് വേണമെന്ന് കര്‍ഷകരും നാട്ടുകാരും ആവശ്യപ്പെടുന്നത്.
Tags : Kuttanad needs nattuvisesham locl news