മേപ്പാടി മാപ്പിളത്തോട്ടത്തില്‍ പതിഞ്ഞ പുലിയുടെ കാല്‍പ്പാടുകള്‍.
വൈത്തിരി: മേപ്പാടി പഞ്ചായത്തിലെ മാപ്പിളത്തോട്ടത്തില്‍ പുലി വളര്‍ത്തുനായയെ കൊന്നു.
പ്രദേശത്തെ ഹരിഹരന് വീട്ടുമുറ്റത്ത് കെട്ടിയ നായയെയാണ് കഴിഞ്ഞദിവസം രാത്രി പുലി പിടിച്ചത്. കരച്ചില് കേട്ട് വീട്ടുകാര്‍ നോക്കിയപ്പോള്‍ നായയെ പുലി വലിച്ചുകൊണ്ടുപോകുന്നതാണ് കണ്ടത്.
വീട്ടുകാര്‍ ബഹളം വച്ചപ്പോല്‍ പുലി ജഡം ഉപേക്ഷിച്ച് സമീപത്തെ തേയിലക്കാട്ടില്‍ മറഞ്ഞു. സ്ഥലത്ത് വനപാലകര്‍ നടത്തിയ പരിശോധനയില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടു.
സമീപപ്രദേശമായ നെടുമ്പാലയിലും കഴിഞ്ഞദിവസം പുലി ആക്രമണം ഉണ്ടായി. എസ്റ്റേറ്റ് തൊഴിലാളി കുര്യന്റെ തൊഴുത്തിലെ പശുവിനെയാണ് പുലി ആക്രമിച്ചത്. പശുവിന്റെ കരച്ചില് കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പാട്ടകൊട്ടിയും ബഹളംവച്ചുമാണ് പുലിയെ ഓടിച്ചത്. കഴുത്തിനും നെഞ്ചിനും പരിക്കേറ്റ പശു ചികിത്സയിലാണ്. പുലി സാന്നിധ്യം മാപ്പിളത്തോട്ടം, നെടുമ്പാല നിവാസികളെ ഭീതിയിലാക്കി. പുലിയെ കുടുവച്ച് പിടിക്കണമെന്നും കേടായ തെരുവുവിളക്കുകള്‍ നന്നാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags : Nattuvishesham Districtnews Leopard