കരിമ്പുലി
കോന്നി: കുളത്തുമണ്ണില്‍ വനംവകുപ്പിന്റെ കൂട്ടില്‍ കരിമ്പുലി കുടുങ്ങിയതോടെ ഈ മേഖലയിലെ രൂക്ഷമായ വന്യമൃഗശല്യം വീണ്ടും ചര്‍ച്ചയാകുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കുളത്തുമണ്‍, കൂടല്‍, കലഞ്ഞൂര്‍ മേഖലകളില്‍നിന്ന് വനംവകുപ്പ് പിടികൂടുന്ന നാലാമത്തെ പുലിയാണിത്. കുളത്തുമണ്ണില്‍ ഒരു കരിമ്പുലി കൂട്ടിലായെങ്കിലും പ്രദേശവാസികളുടെ ഭീതി ഒഴിഞ്ഞിട്ടില്ല.
ജനവാസമേഖലകളില്‍ ഇതിനുമുമ്പ് കരിമ്പുലിയെ കണ്ടപ്പോള്‍ ഒപ്പം മറ്റൊരു പുള്ളിപ്പുലിയെക്കൂടി കണ്ടതായി നാട്ടുകാര്‍ വ്യക്തമാക്കുന്നുണ്ട്. കൂടല്‍, രാജഗിരി, എലിക്കോട്, ഇരുക്കുഴി ഭാഗങ്ങളില്‍ ഇപ്പോഴും മറ്റു പുലികളുടെ സാന്നിധ്യമുണ്ടെന്നാണ് പ്രദേശവാസികള്‍ സംശയിക്കുന്നത്. ഇത് പ്രദേശവാസികളുടെ ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്.
മേഖലയില്‍ കൂടുതല്‍ നിരീക്ഷണവും ശക്തമായ പ്രതിരോധ നടപടികളും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുലിക്കൊപ്പം മറ്റു പലവിധ വന്യജീവികളും നാട്ടില്‍ ഭീതി ഉയര്‍ത്തുകയാണ്. അടുത്തയിടെ സ്കൂള്‍ ബസിനു മുന്നില്‍ പുലി ചാടിയ സംഭവം ഉണ്ടായി. കുട്ടികളെ സ്കൂളില്‍ വിടാന്‍ ഉള്‍പ്പടെ നാട്ടുകാര്‍ ഭയപ്പെടുകയാണ്.
ഇനി കരിമ്പുലി
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ എലിക്കോട്, ഇരിക്കുഴി പ്രദേശങ്ങള്‍ ഭീതിയുടെ മുള്‍മുനയിലാണ്. ജനവാസമേഖലയില്‍ പതിയിരിക്കുന്ന കരിമ്പുലിയാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. കഴിഞ്ഞ ദിവസം ഒരു പുലി കൂട്ടില്പെട്ടുവെങ്കിലും ഇവര്‍ കണ്ട പുലി ഇതിലും വലുതായിരുന്നു എന്നാണ് സ്ഥലവാസികള്‍ പറയുന്നത്. ഈ പ്രദേശത്ത് ഇതുവരെ പത്തിലധികം വളര്‍ത്തുനായ്ക്കളെയാണ് പുലി പിടിച്ചിത്. ഇത് കൂടാതെ അഞ്ച് ആടുകളെയുമാണ് പുലി ആക്രമിച്ച് പിടികൂടിയത്.
പ്രദേശത്ത് കരിമ്പുലിയുടെ സാന്നിധ്യം നാട്ടുകാര്‍ നേരിട്ടുകണ്ടതോടെ ഭീകരത ഇരട്ടിച്ചിരിക്കുകയാണ്.വളര്‍ത്തുമൃഗങ്ങള്‍ കൂട്ടത്തോടെ അപ്രത്യക്ഷമാകുന്നതാണ് പ്രധാന ഭീതി. ദിവസങ്ങളായി ഇരിക്കുഴി, എലിക്കോട് ഭാഗങ്ങളില്‍ വീടുകളിലെ വളര്‍ത്തുനായ്ക്കളെയും ആടുകളെയും കാണാതാകുന്നത് പതിവായിട്ടുണ്ട്. ഇതില്‍ പലതിനെയും പുലി കൊന്നൊടുക്കിയതായി പിന്നീട് വ്യക്തമായി.
ജനങ്ങളുടെ
ജീവനും സ്വത്തിനും ഭീഷണി
വളര്‍ത്തുമൃഗങ്ങൾ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് കടുത്ത ആശങ്കയിലാണ് നാട്ടുകാര്‍. ജീവഭയം കാരണം പലരും തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയോ ഒഴിവാക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
പ്രദേശത്ത് പകല്‍വെളിച്ചത്തില്‍പോലും പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. പലതവണ കരിമ്പുലിയെ നേരിട്ടു കണ്ടതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും വനംവകുപ്പിന്റെ ഭാഗത്തുനിന്നു കാര്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
വീടിന്റെ പടിവാതിലില്‍പോലും ആക്രമണം പതിയിരിക്കുന്ന അവസ്ഥയിലാണ് പ്രദേശവാസികള്‍. വലിയൊരു ദുരന്തം ഒഴിവാക്കാന്‍ അടിയന്തരമായി വനംവകുപ്പ് ഇടപെട്ട് സ്ഥലത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുകയും പുലിയെ പിടികൂടാന്‍ കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്തെ സുരക്ഷ ഉറപ്പാക്കാന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടികള്‍ ഉണ്ടാകേണ്ടതുമുണ്ട്.