പ്രതീകാത്മക ചിത്രം
തുറവൂർ: ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ച് ദാഹമകറ്റാൻ പോലും സാധാരണക്കാരൻ ഇനി രണ്ടുവട്ടം ആലോചിക്കേണ്ട സ്ഥിതി. അടുക്കളയിലെ നിത്യസാന്നിധ്യമായിരുന്ന ചെറുനാരങ്ങയുടെ വില കുതിച്ചുയർന്നതോടെ വിപണിയിൽ വിലക്കയറ്റത്തിന്റെ പുളിപ്പ്. മാസങ്ങളായി കിലോഗ്രാമിന് 80 മുതൽ 90 രൂപ വരെ വിലയുണ്ടായിരുന്ന ചെറുനാരങ്ങയുടെ ചില്ലറവിലയാണ് ഇപ്പോൾ 280 രൂപയിലെത്തിയത്.
ഓണക്കാലത്ത് 120 രൂപ വരെ ഉയർന്ന വില ദിവസങ്ങൾക്കുള്ളിൽ വീണ്ടും ഇരട്ടിയിലേറെ വർധിച്ചതാണ് ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നത്. സാധാരണയായി ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ വലിയ വിലക്കയറ്റം ഉണ്ടാകാറില്ലെങ്കിലും ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. ആന്ധ്രാപ്രദേശിൽനിന്നുള്ള നാരങ്ങയുടെ വരവിൽ ഉണ്ടായ ഗണ്യമായ കുറവും തമിഴ്നാട് വിപണിയിലെ വിലവർധനയുമാണ് പ്രധാന കാരണങ്ങളെന്ന് വ്യാപാരികൾ പറയുന്നു.
തമിഴ്നാട്ടിൽനിന്നെത്തുന്ന പുളിയങ്കുടി നാരങ്ങയ്ക്കാണ് ഇപ്പോൾ ആവശ്യക്കാർ ഏറെയുള്ളത്. വലുപ്പം കൂടുതലും പെട്ടെന്ന് കേടാകാത്തതുമാണ് ഈ ഇനത്തിന് പ്രിയമേറാൻ കാരണം. ജ്യൂസ് കടകളിലും പ്രാദേശിക വിപണിയിലും പുളിയങ്കുടി നാരങ്ങയ്ക്കാണ് ആവശ്യക്കാർ കൂടുതലെന്ന് വ്യാപാരികൾ പറയുന്നു.
ചിങ്ങമാസത്തിലെ വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും കൂടിയായതോടെ നാരങ്ങയുടെ ആവശ്യകതയും വർധിച്ചു. മഴ മാറി വെയിൽ തെളിയുന്നതോടെ നാരങ്ങാവെള്ളത്തിന് ആവശ്യക്കാർ വർധിക്കുന്ന സമയത്താണ് വിലക്കയറ്റം ചെറുകിട കച്ചവടക്കാരുടെ കണക്കുകൂട്ടലുകളും തെറ്റിച്ചത്.
നാരങ്ങാവില കുതിച്ചതോടെ ചെറിയ പെട്ടിക്കടകളും ബേക്കറികളും കടുത്ത പ്രതിസന്ധിയിലാണ്. ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന്റെ വില കൂട്ടിയാൽ ഉപഭോക്താക്കൾ കുറയുമെന്ന ആശങ്കയും വില കൂട്ടാതെ വില്പന തുടർന്നാൽ നഷ്ടം സഹിക്കേണ്ടിവരുമെന്ന അവസ്ഥയുമാണ് കച്ചവടക്കാർക്ക്.
കുടുംബശ്രീ ഉൾപ്പെടെയുള്ള ചെറുകിട അച്ചാർ നിർമാണ യൂണിറ്റുകളെയും നാരങ്ങയുടെ വിലവർധന സാരമായി ബാധിച്ചു. അസംസ്കൃത വസ്തുവിന്റെ വില കുതിച്ചുയർന്നതോടെ ഉത്പന്നങ്ങളുടെ വില വർധിപ്പിക്കേണ്ടിവരുമെങ്കിലും വില കൂട്ടിയാൽ വില്പന കുറയുമെന്ന ആശങ്കയിലാണ് സംരംഭകർ. നാരങ്ങയുടെ വരവ് സാധാരണ നിലയിലാകാതെ വിലക്കയറ്റത്തിന് അറുതിയുണ്ടാകില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. ദാഹമകറ്റുന്ന നാരങ്ങാവെള്ളം പോലും സാധാരണക്കാരന്റെ കീശ പൊള്ളിക്കുന്ന കാലമാണോ വരുന്നതെന്ന ആശങ്കയിലാണ് വ്യാപാരികൾ.
Tags : NattuVishesham DistrictNews