കോഴിക്കോട്: വ്യാജരേഖകള്‍ നിര്‍മിച്ച് വായ്പാ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് കോഓപറേറ്റീവ് സൊസൈറ്റിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ 11 പോലീസുകാര്‍, സഹകരണ വകുപ്പ് ഇന്‍സ്പെക്ടര്‍, കമ്മീഷണര്‍ ഓഫീസിലെ മുന്‍ ജീവനക്കാരന് എന്നിവര്‍ക്കെതിരേ കസബ പോലീസ് കേസെടുത്തു.
സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെ ഒരു ജീവനക്കാരനാണ് പരാതിക്കാരന്.2023ല്‍ ഓഫീസിലെ ഒരു ജീവനക്കാരന് സൊസൈറ്റിയില്‍ നിന്നും 2.5 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. വായ്പ ലഭിക്കാന്‍ സഹപ്രവര്‍ത്തകനായ മറ്റൊരു ജീവനക്കാരനാണ് ജാമ്യം നിന്നത്.
സാലറി സര്‍ട്ടിഫിക്കറ്റാണ് ജാമ്യമായി നല്‍കിയത്. പലിശ ഉള്‍പ്പെടെ 30 ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കണം എന്ന് കാണിച്ച് അടുത്തിടെ ജാമ്യക്കാരന് സൊസൈറ്റിയില്‍ നിന്നു നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
2.5 ലക്ഷം രൂപയുടെ വായ്പയ്ക്ക് പകരം വ്യാജരേഖകള്‍ ചമച്ച് 25 ലക്ഷം രൂപ വായ്പ അനുവദിച്ചതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് മുമ്പും പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും പോലീസ് കേസെടുക്കാന്‍ തയാറായിരുന്നില്ല. വിജിലന്‍സ് പ്രാഥമിക പരിശോധന നടത്തിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. സൊസൈറ്റിയിലെ ഭരണമാറ്റത്തിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും പരാതി ഉയര്‍ന്നതും പോലീസ് കേസെടുത്തതും. മുമ്പ് ഈ വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ സഹകരണ വകുപ്പ് ഉദ്യോഗസ്ഥനെയും പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.
Tags : nattu vishesham Loan fraud creating fake accounts