പാലക്കാട്: തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പിലേക്ക് പുതുക്കി പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ ജില്ലയിലുള്ളത് 24.3 ലക്ഷം വോട്ടർമാർ.
11,51,562 പുരുഷന്മാരും, 12,81,805 സ്ത്രീകളും, 23 ട്രാൻസ്ജെൻഡേഴ്സും ഉൾപ്പടെ 24,33,390 വോട്ടർമാരാണുള്ളത്. ഇതിനു പുറമെ പ്രവാസി വോട്ടർപട്ടികയിൽ ജില്ലയിൽ 87 വോട്ടർമാരുമുണ്ട്. ഈ മാസം നാല് വരെയുള്ള കണക്ക് പ്രകാരമാണിത്.
ജില്ലയിൽ ഗ്രാമപഞ്ചായത്ത് തലത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് അലനല്ലൂർ ഗ്രാമപഞ്ചായത്തിലാണ്. 46096 വോട്ടർമാരാണുള്ളത്.
കുറവ് വോട്ടർമാരുള്ളത് നെല്ലിയാന്പതി ഗ്രാമപഞ്ചായത്തിലാണ്. 4018 പേരാണുള്ളത്. മുൻസിപ്പാലിറ്റികളിൽ 118759 വോട്ടർമാരുമായി പാലക്കാട് മുൻസിപ്പാലിറ്റിയാണ് മുന്നിലുള്ളത്. പട്ടാന്പി മുൻസിപ്പാലിറ്റിയിലാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്.
24305 ആണ് വോട്ടർമാരുടെ എണ്ണം.
പുതുക്കിയ വോട്ടർപട്ടിക അതത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ പക്കൽ പരിശോധനയ്ക്ക് ലഭ്യമാണ്.
തെരഞ്ഞെടുപ്പ്: ശബ്ദനിയന്ത്രണം പാലിക്കണം
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യപ്രചാരണങ്ങളിൽ ശബ്ദനിയന്ത്രണം കർശനമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദേശിച്ചു.
പ്രചാരണ വാഹനങ്ങളിൽ അനുവദനീയമായ ശബ്ദത്തിനു മുകളിലുള്ള മൈക്ക് അനൗണ്സ്മെന്റുകൾ, ലൗഡ് സ്പീക്കറിലൂടെയുള്ള പ്രചാരണ ഗാനങ്ങൾ എന്നിവ കേൾപ്പിക്കുന്നത് മാതൃകാ പെരുമാറ്റചട്ടത്തിന്റെയും ശബ്ദമലിനീകരണ നിയന്ത്രണ നിയമങ്ങളുടെയും ലംഘനമാണ്. പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയിൽ ലൗഡ്സ്പീക്കർ ഉപയോഗിക്കാൻ പാടില്ല.
അനുവദനീയമായ സമയപരിധിയ്ക്ക് മുൻപോ ശേഷമോ ഉള്ള അനൗണ്സ്മെന്റുകൾ എന്നിവയും വിലക്കിയിട്ടുണ്ട്. ആശുപത്രി, വിദ്യാലയ പരിസരങ്ങൾ ഉൾപ്പടെ നിശബ്ദ സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകളിൽ ശബ്ദപ്രചാരണം പൂർണമായും ഒഴിവാക്കണം.
പടക്കം, വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കുവാൻ പാടുള്ളൂ.
സ്ഥാനാർഥികളെ സ്വീകരിക്കുന്പോൾ ഉൾപ്പടെ പൊതുസ്ഥലങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ മജിസ്ട്രേറ്റിൽനിന്ന് ലൈസൻസ് ആവശ്യമാണ്.
പ്രചാരണപ്രവർത്തനങ്ങളിൽ ശബ്ദമലിനീകരണം, പരിസരമലിനീകരണം എന്നിവയുടെ നിരീക്ഷണം ഉൗർജിതമാക്കാനും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടർമാർക്കും നിരീക്ഷകർക്കും നിർദേശം നൽകി.
വോട്ടിംഗ് മെഷീനുകളിലെ കാൻഡിഡേറ്റ് സെറ്റിംഗ് ആരംഭിച്ചു
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് മെഷീനുകളിലെ കാൻഡിഡേറ്റ് സെറ്റിംഗ് ആരംഭിച്ചു. ഇന്നും നാളെയും കാൻഡിഡേറ്റ് സെറ്റിംഗ് തുടരും.
സ്ഥാനാർഥിയുടെ ക്രമനന്പർ, പേര്, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് ലേബൽ വോട്ടിംഗ് മെഷീനിൽ സജ്ജീകരിച്ച് വോട്ടെടുപ്പിന് സജ്ജമാക്കുന്ന പ്രക്രിയയാണ് കാൻഡിഡേറ്റ് സെറ്റിംഗ്. സ്ഥാനാർഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ബാലറ്റ് യൂണിറ്റുകൾ സജ്ജമാക്കുന്നത്. പഞ്ചായത്ത് തലത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകൾക്കായി മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്ട്രോൾ യൂണിറ്റുമാണ് സജ്ജമാക്കുന്നത്. മുനിസിപ്പാലിറ്റി, കോർപറേഷൻ തലത്തിൽ ഒന്നു വീതം ബാലറ്റ് യൂണിറ്റും കണ്ട്രോൾ യൂണിറ്റുമാണ് സെറ്റ് ചെയ്യുന്നത്.
സ്ഥാനാർഥികളുടെയും പ്രതിനിധികളുടെയും സാനിധ്യത്തിലാണ് കാൻഡിഡേറ്റ് സെറ്റിംഗ് നടത്തുന്നത്. ഗ്രാമ പഞ്ചായത്തിന്റെ ബാലറ്റ് ലേബൽ വെള്ള നിറത്തിലും, ബ്ലോക്ക് പഞ്ചായത്തിന്റേത് പിങ്ക് നിറത്തിലും, ജില്ലാ പഞ്ചായത്തിന്റേത് ഇളം നീല നിറത്തിലുമാണ്. നഗരസഭകളുടെ കാര്യത്തിൽ വെള്ള നിറത്തിലുള്ള ബാലറ്റ് ലേബലുകളാണ് ഉപയോഗിക്കുന്നത്. കാൻഡിഡേറ്റ് സെറ്റിംഗിന് ശേഷം പരീക്ഷണാടിസ്ഥാനത്തിൽ എല്ലാ മെഷീനുകളിലും മോക്ക്പോൾ നടത്തും. സന്നിഹിതരായിട്ടുള്ള രാഷ്ട്രീയപാർട്ടി പ്രതിനിധികളേയും സ്ഥാനാർഥികളേയും മോക്പോളിന്റെ ഫലം കാണിച്ച ശേഷം മോക്ക് പോൾ ഫലം ഡിലീറ്റ് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡങ്ങൾ പ്രകാരം മെഷീനുകൾ സ്ട്രോംഗ് റൂമിൽ സൂക്ഷിക്കും.
Tags : 24.3 lakh voters in the district nattuvisesham locl news