തുരങ്ക പാത പദ്ധതി പ്രദേശത്തെ റോഡിന്റെ നിലവിലെ സ്ഥിതി.
മേപ്പാടി: ഒരു പതിറ്റാണ്ടോളമായിട്ടും നവീകരണ പ്രവൃത്തി പൂര്ത്തീകരിക്കാതെ കിടക്കുന്ന മേപ്പാടി-ചൂരല്മല റോഡിന്റെ വിഷയത്തില് വീണ്ടും സമരത്തിനിറങ്ങാന് തയാറെടുക്കുകയാണ് നാട്ടുകാര്.
2018ല് തുടങ്ങിയ റോഡ് പ്രവൃത്തി ഇനിയും പൂര്ത്തീകരിക്കാതെ ജനങ്ങളെ യാത്രാ ദുരിതത്തിലാക്കിയതിനെതിരേ ഇക്കാലയളവില് നിരവധി സമരങ്ങള് നടത്തിയതാണ്. ഇതിനായി ഒരു ജനകീയ കര്മസമിതി പ്രദേശത്ത് രൂപീകരിക്കപ്പെട്ടിട്ടുണ്ട്. റോഡ് തടയല് അടക്കം നിരവധി സമരങ്ങള്ക്ക് കര്മസമിതി ഇതിനകം നേതൃത്വം നല്കിയിട്ടുമുണ്ട്. സമരങ്ങള് നടക്കുമ്പോള് ഒത്തുതീര്പ്പിനു വേണ്ടി അധികൃതര് പല ഉറപ്പുകളും നല്കുമെന്നല്ലാതെ പണി ഇരുവരെ പൂര്ത്തീകരിക്കാനായിട്ടില്ല. 2019ലെ പുത്തുമല ഉരുള്പൊട്ടലില് അന്നത്തെ കരാര് കമ്പനിയുടെ പല ഉപകരണങ്ങളും നശിച്ചു പോയിരുന്നു.
കിഫ്ബി ഫണ്ടാണ് റോഡ് നവീകരണത്തിന് അനുവദിച്ചിരുന്നത്. അന്നത്തെ കരാറുകാരന് പിന്നീട് മരണപ്പെടുകയും ചെയ്തു. തുടര്ന്ന് ആ കരാര് ഒഴിവാക്കിക്കൊണ്ടാണ് 2025 ആദ്യം ഊരാളുങ്കല് ലേബര് കോണ്ട്രാക്ട് സൊസൈറ്റിക്ക് പ്രവൃത്തി കരാര് നല്കിയത്. 18 മാസം കൊണ്ട് പണി പൂര്ത്തീകരിക്കുമെന്നാണ് സൊസൈറ്റി അധികൃതര് അന്ന് ഉറപ്പ് നല്കിയത്. എന്നാല് പല കാരണങ്ങളാല് പ്രവൃത്തികള് വീണ്ടും വൈകി. വേഗത്തില് പ്രവൃത്തികള് നടക്കുന്നില്ല എന്നതാണ് നിലവിലെ സ്ഥിതി. ഇത് ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നുള്ള വലിയ അവഗണനയായിട്ടാണ് വിലയിരുത്തുന്നത്. റോഡിലൂടെയുള്ള യാത്ര ഇപ്പോഴും ക്ലേശകരമാണ്. റോഡ് പ്രവൃത്തി പൂര്ത്തീകരിക്കുന്നതു സംബന്ധിച്ച് വ്യക്തമായ ഉറപ്പ് ലഭിച്ചില്ലെങ്കില് ശക്തമായ സമരമാരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.