കോതമംഗലം മാർത്തോമ്മ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിന് ഗജ വീരൻമാർ കബർ വണങ്ങുന്നു.
കോതമംഗലം : തീർഥാടന കേന്ദ്രമായ മാർത്തോമ്മ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാൾ കൊടിയിറങ്ങി. പതിവ് തെറ്റാതെ ഇക്കുറിയും പരിശുദ്ധ യൽദോ ബാവയുടെ കബർ വണങ്ങാൻ കാളിയാർമഠം ശേഖരൻ, കരിമണ്ണൂർ ഉണ്ണി തുടങ്ങിയ ഗജ വീരന്മാർ എത്തിച്ചേർന്നു. കഴിഞ്ഞ ദിവസം ഗജവീരൻ പാമ്പാടി രാജൻ കബർ വണങ്ങാൻ പള്ളിയിൽ എത്തിയിരുന്നു.
മെത്രാപ്പോലീത്തമാരായ ഡോ. ഏലിയാസ് മാർ അത്താനാസിയോസ് , മാത്യൂസ് മാർ അപ്രേം , അഡ്വ. ഡീൻ കുര്യാക്കോസ് എംപി, ഷിബു തെക്കുംപുറം എംഎൽഎ, മുൻ എംഎൽഎ ആന്റണി ജോൺ, ജന പ്രതിനിധികൾ, വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളി, സഹവികാരിമാർ, തന്നാണ്ട് ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയ് മണ്ണഞ്ചേരി, വർക്കിംഗ് കമ്മിറ്റിയംഗങ്ങൾ, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ എന്നിവർ ചേർന്ന് ഗജവീരന്മാരെ സ്വീകരിച്ച് ശർക്കരയും പഴവും നൽകി. ആയിരക്കണക്കിന് ആളുകൾ ഗജവീരൻമാരുടെ കബർ വണക്കം കാണാനെത്തിയിരുന്നു.
പള്ളിയിൽ ലഭിച്ച നേർച്ച ഉൽപന്നങ്ങളുടെ ലേലവും നടത്തി. കന്നി 20 പെരുന്നാളിന്റെ സമാപനം കുറിച്ച് വൈകീട്ട് നാലിന് വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളി കൊടിയിറക്കി. പെരുന്നാൾ ചടങ്ങുകൾ അവസാനിച്ചെങ്കിലും ഭക്തജനങ്ങളുടെ പ്രവാഹം നിലയ്ക്കാത്തതിനാൽ 11വരെ വൈദ്യുത ദീപാലങ്കാരം തുടരും.
Tags : NattuVishesham DistrictNews