ഇറ്റലി സ്വദേശി ജിയോവാനി ജോർജി ഇരുവഞ്ഞിപ്പുഴയിൽ പരിശീലനം നടത്തുന്നു.
കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവൽ 12-ാം എഡിഷന്റെ പരിശീലനം ഇരുവഞ്ഞിപുഴയിലും ചാലിപ്പുഴയിലും ആരംഭിച്ചു. ഇറ്റലിയിലെ ക്യാവരി സ്വദേശി ജിയോവാനി ജോർജി ഇരുവഞ്ഞിപ്പുഴയിൽ കയാക്കിംഗ് പരീശീലനം തുടങ്ങി.
തുഷാരഗിരി അഡ്വഞ്ചർ കയാക്കിംഗ് അക്കാഡമി ഭാരവാഹികളായ പോൾസൺ അറയ്ക്കൽ, ബെനീറ്റോ ചാക്കോ, നിസ്തൂൽ ജോസ് എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
സോഫ്റ്റ്വെയർ ഡവലപ്പറായി ജോലി ചെയ്യുന്ന 42കാരനായ ജിയോവാനി, ഫ്രാൻസിലേയും ഇറ്റലിയിലേയും പുഴകൾക്ക് പുറമെ ഋഷികേശിൽ ഗംഗയിലും അളകനന്ദയിലും കാളി നദിയിലും കയാക്കിംഗ് നടത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം മലബാർ റിവർ ഫെസ്റ്റിവലിൽ പങ്കെടുത്തിരുന്നു. ബംഗളൂരു സ്വദേശി ജോഗി നായകിന്റെ നേതൃത്വത്തിലുള്ള നാഷണൽ ഔട്ട്ഡോർ സ്കൂളിനോടൊപ്പമാണ് പരിശീലനം നടത്തുന്നത്. ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിലാണ് മലബാർ റിവർ ഫെസ്റ്റിവൽ നടക്കുന്നത്.
Tags : Local News Nattuvishesham Kozhikode