മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനുസമീപം കാടുപിടിച്ചുകിടക്കുന്ന റെയിൽവേ ഭൂമി.
കുമ്പള: മംഗളൂരുവിനെ വേര്‍പെടുത്തുന്ന കാര്യം ഏതാണ്ടുറപ്പായതോടെ പാലക്കാട് ഡിവിഷന്റെ ടെര്‍മിനല്‍ സ്റ്റേഷനുകളാകാന് മഞ്ചേശ്വരവും കുമ്പളയും. രണ്ടിടങ്ങളിലും 35 ഏക്കറോളം ഭൂമിയാണ് റെയില്‍വേയുടെ ഉടമസ്ഥതയിലുള്ളത്. ഇവിടങ്ങളില്‍ ടെര്‍മിനല്‍ സ്റ്റേഷനുകള്‍ക്കുള്ള സൗകര്യമൊരുക്കുന്നതിന്റെ സാധ്യത തേടി പാലക്കാട് ഡിവിഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം രണ്ടിടങ്ങളും സന്ദര്‍ശിച്ചിരുന്നു.
സ്ഥലമുണ്ടെങ്കിലും ടെര്‍മിനല്‍ സ്റ്റേഷനുകള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ കോടികളുടെ ഫണ്ട് വേണ്ടിവരും. മംഗളൂരുവിനെ വേര്‍പ്പെടുത്തുന്നതിനു പകരമായി ഇങ്ങനെയൊരു പാക്കേജ് അനുവദിച്ചുകിട്ടാന്‍ സംസ്ഥാനത്തെ ജനപ്രതിനിധികള്‍ ഇടപെടണമെന്നാണ് ആവശ്യം.
ട്രെയിനുകള്‍ നിര്‍ത്തിയിടുന്നതിന് ആവശ്യമായ സ്റ്റേബിളിംഗ് ലൈനുകള്‍, അറ്റകുറ്റപണികള്‍ക്ക് ആവശ്യമായ പിറ്റ് ലൈനുകള്‍, കൂടുതല്‍ പ്ലാറ്റ്ഫോമുകള്, വൈദ്യുതി സബ് സ്റ്റേഷന് തുടങ്ങിയവയാണ് ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ അത്യാവശ്യമായി വേണ്ടത്. കുറച്ച് സൗകര്യങ്ങളെങ്കിലും ഒരുക്കിയാല്‍ ടെര്‍മിനല്‍ സ്റ്റേഷനുകള്‍ക്ക് പ്രവര്‍ത്തിച്ചു തുടങ്ങാനാകും.
മംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് പുതിയ ട്രെയിനുകള്‍ അനുവദിക്കാനും നിലവില്‍ കണ്ണൂര്‍ വരെ സര്‍വീസ് നടത്തുന്നവ മംഗളൂരുവിലേക്ക് നീട്ടാനും സാങ്കേതിക തടസങ്ങളുള്ള സാഹചര്യത്തില്‍ ഇവ മഞ്ചേശ്വരത്തേക്കോ കുമ്പളയിലേക്കോ നീട്ടാനും ഈ സ്റ്റേഷനുകളില്‍ നിന്ന് പുതിയ ട്രെയിനുകള്‍ തുടങ്ങാനും കഴിയുമെന്നതാണ് ടെര്‍മിനല്‍ സ്റ്റേഷനാകുന്നതിന്റെ മെച്ചം. റെയില്‍വേ മേഖലയില്‍ വലിയ വികസനം വരുന്നത് അതത് സ്ഥലങ്ങളുടെ പൊതുവേയുള്ള വികസനത്തിനും സഹായകമാകും.
മംഗളൂരുവില്‍ സ്ഥലസൗകര്യമില്ലാത്തതിന്റെ പേരില്‍ ഉത്തരകേരളത്തിനു നിഷേധിക്കപ്പെട്ട മെമു അടക്കമുള്ള ലോക്കല്‍ ട്രെയിനുകളും മഞ്ചേശ്വരത്തോ കുമ്പളയിലോ നിന്ന് സര്‍വീസ് തുടങ്ങാനാകും. ഇതിനായി രണ്ടിലൊരിടത്ത് മെമു വര്‍ക്ക്ഷെഡ് സ്ഥാപിച്ചാല്‍ മതിയാകും.
മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് വികസിപ്പിച്ചാല്‍ സമീപഭാവിയില്‍ തന്നെ അത് കേരളത്തില്‍ നിന്ന് മംഗളൂരുവിലേക്കുള്ള പ്രവേശനകവാടമായി മാറാനും സാധ്യതയുണ്ട്.
Tags : NattuVishesham DistricteNews