തുരുത്തിക്കാട്ടിൽ നടന്ന പരിസ്ഥിതി സംരക്ഷണ സൗഹൃദ മാരത്തൺ.
മല്ലപ്പള്ളി: നദിയെ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ യുവജനസഖ്യം മാരത്തൺ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ സന്ദേശം പകർന്നതോടൊപ്പം മതസൗഹാർദ്ദത്തിന്റെയും സാമൂഹ്യ ഐക്യത്തിന്റെയും വേറിട്ട മാതൃകയാണ് മാരത്തൺ നടത്തിയത്.
പ്രസിഡന്റ് റവ. സി. സജു ശാമുവേലിന്റെയും യുവജനസഖ്യം ഭാരവാഹികളുടെയും നേതൃത്വത്തിൽ ശ്രീപോരുരുട്ടിക്കാവ് ഭഗവതി ക്ഷേത്രാങ്കണത്തിൽ നിന്നുമാണ് ആരംഭിച്ചത്.തുരുത്തിക്കാട് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി സൗഹാർദ്ദ പരിപാടിക്ക് ശ്രീ പോരുരുട്ടിക്കാവ് ദേവിക്ഷേത്ര ഭരണസമിതിയുടെ പിന്തുണയും സഹകരണവും ലഭിച്ചു.
ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അജേഷ് മാരത്തോൺ ഫ്ളാഗ് ഓഫ് ചെയ്തു.ക്ഷേത്രാങ്കണത്തിൽ റവ സജു ശാമുവേൽ, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അജേഷ് ഗ്രാമപഞ്ചായത്ത് അംഗം ഗിരി കുമാർ തുരുത്തിക്കാട് പ്രദേശത്തെ മുതിർന്ന വൈദികൻ റവ. എം. സി. ജോൺ മരുതുക്കുന്നേൽ എന്നിവർ ചേർന്ന് ഫലവൃക്ഷത്തെ നട്ടു. മാരത്തണിൽ യുവജനസഖ്യത്തോടൊപ്പം ഭരണസമിതി അംഗങ്ങൾ, തുരുത്തിക്കാട് ബിഎഎം കോളേജ് നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്, തുരുത്തിക്കാട് പബ്ലിക് ലൈബ്രറി അംഗങ്ങൾ, നാട്ടുകാർ എന്നിവരും അണിചേർന്നു.