കരിമ്പത്തെ യുവ കർഷകൻ സന്ദീപിന്റെ കുറുമാത്തൂർ അതിരിയാടുള്ള കൃഷിയിടത്തിൽ ചെണ്ടുമല്ലി പൂത്തുലഞ്ഞു നിൽക്കുന്നു.
തളിപ്പറമ്പ്: ഓണവിപണി ലക്ഷ്യമിട്ട് വിയർപ്പൊഴുക്കി നടത്തിയ ചെണ്ടുമല്ലികൾ കാലം തെറ്റി പൂത്തത് വർണകാഴ്ചയൊരുക്കുന്പോൾ കർഷകർക്ക് നഷ്ടത്തിൽ കൂപ്പു കുത്തി കർഷകർ. മഴയായിരുന്നു ഇത്തവണ വില്ലനായത്. ഓണക്കാലത്തെ മഴ മാറിയതോടെയാണ് മിക്കയിടങ്ങളിലെയും പൂപ്പാടങ്ങൾ പൂത്തത്.
വ്യക്തിപരമായും കുടുംബശ്രീ ജെ എൽജി ഗ്രൂപ്പുകളിലൂടെ നിരവധി പേരാണ് ചെണ്ടുമല്ലി കൃഷിയിറക്കിയിരുന്നത്. കരിമ്പം പാറക്കണ്ടത്തിലെ പി.പി. സന്ദീപ് കുമാർ എന്ന യുവകർഷകൻ ഇത്തരം കർഷകരുടെ പ്രതിനിധിയാണ്. ഏറെ പ്രതീക്ഷയോടെയായിരുന്നു കുറുമാത്തൂർ അതിരിയാടുള്ള തന്റെ പച്ചക്കറി കൃഷിയിടത്തിനു സമീപം രണ്ടിനം ചെണ്ടുമല്ലികളുടെ പൂക്കൃഷി ആരംഭിച്ചത്.
ഹൈബ്രിഡ് വിത്ത് വാങ്ങി സ്വന്തമായി ഉത്പാദിപ്പിച്ച 700ൽ അധികം ചെടികളാണ് ഓണവിപണി ലക്ഷ്യമിട്ട് പരിപാലിച്ചത്. ഓണത്തിന് പൂക്കച്ചവടത്തിലൂടെ വലിയൊരുതുക പ്രതീക്ഷിച്ചിരുന്ന സന്ദീപിന്റെ കണക്കു കൂട്ടലുകൾ മഴ കവർന്നു. ഇപ്പോൾ തെയ്യംകലാകാരൻമാരുൾപ്പെടെയുള്ളവർ ദിവസേന എത്തി കുറച്ചു പൂക്കൾ കൊണ്ടുപോകുന്നത് മാത്രമാണ് ആശ്വാസം. കുറുമാത്തൂർ കൃഷിഭവനിലെ ഉദ്യോഗസ്ഥർ പൂവിന് വിപണി കണ്ടെത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മറ്റുള്ളവർ കുടുംബസമേതം പൂപ്പാടത്ത് എത്തി ഫോട്ടോകൾ എടുക്കുന്ന് കാണുന്നത് സന്തോഷം പകരുന്നതാണെങ്കിലും സന്ദീപിനെ പോലുള്ള കർഷകരുടെ കണ്ണീരൊപ്പാൻ സർക്കാർതലത്തിൽ നടപടി വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Tags : NattuVishesham DistrictNews