ഗാന്ധിനഗർ: മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്ക് ഉള്‍പ്പെടെ ജനുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വീണാ ജോര്‍ജ്. സര്‍ജിക്കല്‍ ബ്ലോക്ക്, പാരാമെഡിക്കല്‍ ഹോസ്റ്റല്‍, കാത്ത് ലാബ്, ബയോഗ്യാസ് പ്ലാന്റ്, നവീകരിച്ച ഒപി വിഭാഗം, ലാക്റ്റേഷന്‍ യൂണിറ്റ് തുടങ്ങിയവ നിര്‍മാണം പൂര്‍ത്തിയായി. നിലവിലുള്ള ഏഴ് ഓപ്പറേഷന് തിയറ്ററുകള്‍ക്ക് പുറമെ ഏഴെണ്ണംകൂടി പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. ബാക്കിയുള്ള ജോലികള്‍കൂടി പൂര്‍ത്തിയാക്കി എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മന്ത്രി വി.എന്‍. വാസവന് യോഗത്തില്‍ പങ്കെടുത്തു. 36 കോടി രൂപയുടെ കാര്‍ഡിയോളജി ബ്ലോക്കിന്റെ നിര് മാണം പൂര്‍ത്തിയായി.
10 കോടി രൂപയുടെ ഇന്‍ഫെക്ഷ്യസ് ഡിസീസ് ബ്ലോക്കിന്റെ നിര്‍മാണം നടന്നുവരുന്നു. പുതിയ മെന്‍സ് ഹോസ്റ്റല്‍ നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്കി. എമര്‍ജന്‍സി മെഡിസിനില്‍ പിജി ആരംഭിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. യോഗത്തിൽ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡെ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.വി. വിശ്വനാഥന്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരും പങ്കെടുത്തു.
Tags : Medical College Hospital nattuvisesham local news