Meeting to
കൊല്ലം: കൊല്ലം ബൈപ്പാസ് ജംഗ്ഷന് മുതല്‍ ചെങ്ങന്നൂര്‍ ആഞ്ഞിലിമൂട് വരെയുള്ള ദേശീയപാത 183 നാലുവരിപ്പാതയാക്കുന്നതിന് ഭൂമിയേറ്റെടുക്കല്‍ സമയമബന്ധിതമായി നടപ്പാക്കുന്നത് ഉള്‍പ്പടെ തീരുമാനിക്കാനായി 18ന് തിരുവനന്തപുരത്ത് യോഗം ചേരും.
19 വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നിയമപരമായ നടപടികള്‍ വിശദമായി അവലോകനം ചെയ്യും. ദേശീയപാത നിയമത്തിലെ മൂന്ന് എ വിജ്ഞാപനം, മൂന്ന് സി പ്രകാരമുള്ള എതിര്‍പ്പുകള്‍ പരിഗണിക്കല്‍, മൂന്ന് ഡി പ്രഖ്യാപനം എന്നിവ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത് ചര്‍ച്ച ചെയ്യും.
ഭൂമിയുടെ ന്യായവില നിര്‍ണയം, കെട്ടിടങ്ങളുടെയും മറ്റ് നിര്‍മിതികളുടെയും മൂല്യനിര്‍ണയം, നഷ്ടപരിഹാര തുകയുടെ കണക്കെടുപ്പ്, മൂന്ന് ജി അവാര്‍ഡുകള്‍ പ്രഖ്യാപിക്കല്‍, നഷ്ടപരിഹാരത്തുക ലഭ്യമാക്കല്‍ തുടങ്ങിയ വിഷയങ്ങളിലും തീരുമാനമുണ്ടാകും.
ദേശീയപാതയുടെ നിര്‍മാണം ആരംഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനായി കൊടിക്കുന്നില്‍ സുരേഷ് എംപി കഴിഞ്ഞയാഴ്ച മന്ത്രി പി.കെ. ബഷീറിനെ സന്ദര്‍ശിച്ച് അടിയന്തരമായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഭൂമി ഏറ്റെടുക്കല്‍, നഷ്്ടപരിഹാര നിര്‍ണയം, വിവിധ വകുപ്പുകളുടെ അനുമതികള്‍, യൂട്ടിലിറ്റി സംവിധാനങ്ങളുടെ മാറ്റിസ്ഥാപിക്കല്‍ തുടങ്ങിയ നടപടികള്‍ ഏകോപിപ്പിച്ച് നിര്‍മാണം ആരംഭിക്കാന്‍ ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നായിരുന്നു എംപിയുടെ ആവശ്യം. ഇതിന്റെ തുടര്‍നടപടിയായാണ് യോഗം വിളിച്ചുചേര്‍ക്കുന്നത്.
നാലുവരിയാക്കുന്നത്
54.37 കിലോമീറ്റര്‍ ദൂരം
കൊല്ലം ബൈപാസ് ജംഗ്ഷനിലെ കിലോമീറ്റര്‍ 4/200 മുതല്‍ ആഞ്ഞിലിമൂട് വരെയുള്ള (കിലോമീറ്റര്‍ 58/570) 54.37 കിലോമീറ്ററാണ് ദേശീയപാത 183 നാലുവരിപ്പാതയായി വികസിപ്പിക്കുന്നത്. 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇപിസി മാതൃകയില്‍ നടപ്പാക്കുന്ന പദ്ധതിക്ക് 1,663.15 കോടി രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ട്.
കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം 2026 ജൂണ്‍ ഒമ്പതിന് പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സെപ്റ്റംബര്‍ 18 ന് ഉത്തരവിറക്കുകയും ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയര്‍ ഒക്ടോബര്‍ ഏഴിന് തുടര്‍നടപടികള്‍ക്കായി നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 70.26 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്.
ഇതിനായി 653.59 കോടിയാണ് വകയിരുത്തിയത്.
സംസ്ഥാന ജിഎസ്ടി ഇനത്തില്‍ 73.18 കോടിയും വൈദ്യുതി, കുടിവെള്ളം, ടെലിഫോണ്‍ എന്നിവ മാറ്റി സ്ഥാപിക്കാന്‍ 72.24 കോടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള റെയില്‍വേ മേല്‍പാലം നിലനിര്‍ത്തിക്കൊണ്ട് സമാന്തരമായി 36 മീറ്റര്‍ നീളമുള്ള പുതിയ റെയില്‍വേ മേല്‍പാലം നിര്‍മിക്കും. ഇതിനു പുറമെ മൂന്ന് വലിയ പാലങ്ങളും ആറ് ചെറിയ പാലങ്ങളും രണ്ട് വെഹിക്കുലര്‍ അണ്ടര്‍പാസ്,ഓവര്‍പാസ് സംവിധാനങ്ങളും നിര്‍മിക്കും.
ടോള്‍ പ്ലാസ, 48 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, 24 ബസ് ബേകള്‍, 88.81 കിലോമീറ്റര്‍ ഓടകള്‍ എന്നിവയും നിര്‍മിക്കും.
Tags : Nattuvishesham Districtnews