ഇരിക്കൂറിലെ നിർദിഷ്ട റവന്യു ടവറിന്റെ രൂപരേഖ.
ഇരിക്കൂർ: ഇരിക്കൂറിന്റ ചിരകാല സ്വപ്നമായ മിനി സിവിൽ സ്റ്റേഷന്റെ (റവന്യു ടവർ) യാഥാർഥ്യത്തിലേക്ക്. വി.ഡി. സതീശൻ സർക്കാർ കന്നി ബജറ്റിൽ അഞ്ചു കോടി വകയിരുത്തിയതോടെ സ്ഥല പരിശോധനയ്ക്കും പ്രാഥമിക ചർച്ചകൾക്കും പിന്നാലെ കെട്ടിടത്തിന്റെ രൂപരേഖയും തയാറാക്കി. ഇരിക്കൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന യോഗം റവന്യു ടവറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു.
നിലവിൽ രജിസ്ട്രാർ ഓഫീസും വില്ലേജ് ഓഫിസും സ്ഥിതി ചെയ്യുന്ന 85 സെന്റ് സ്ഥലം, സമീപത്ത് പൊലിസ് വകുപ്പിന് കീഴിലുള്ള 35 സെന്റ് സ്ഥലവും ചേർത്ത് ആകെ 1.20 ഏക്കറിലാണ് മിനി സിവിൽ സ്റ്റേഷൻ പണിയുക. പൂർണമായും എയർ കണ്ടീഷൻ ചെയ്ത് ആറു നിലകളിലായി ലിഫ്റ്റ് ഉൾപ്പെടെയുള്ള സൗകര്യത്തോടെയുള്ളതായിരിക്കും കെട്ടിടം. 35 കോടി രൂപയാണ് കെട്ടിടത്തിനും അനുബന്ധ നിർമാണ പ്രവൃത്തികൾക്കും ചെലവ് പ്രതീക്ഷിക്കുന്നത്. യോഗത്തിൽ ഇരിക്കൂർപഞ്ചായത്ത് പ്രസിഡന്റ് സി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിൽ അവതരിപ്പിച്ച ഡ്രോയിംഗ് പ്രകാരം 4039 ചതുരശ്ര മീറ്റർ സ്ഥലത്ത് ഗ്രൗണ്ട് ഫ്ലോർ കൂടാതെ അഞ്ചു നിലകൾ, 6898.56 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് കെട്ടിടം. പൊലിസ് വകുപ്പിന്റെ അധീനതയിലുള്ള 35 സെന്റ് സ്ഥലം വിശാലമായ പാർക്കിംഗ് സൗകര്യത്തിനായി ഉപയോഗപ്പെടുത്താനാണ് തീരുമാനം. പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം ചീഫ് എക്സിക്യുട്ടീവ് എൻജിനിയർ സി. സവിത, അസി. എക്സിക്യുട്ടീവ് എൻജിനിയർ ആശിഷ് കുമാർ ബി.കെ എന്നിവർ പദ്ധതിയുടെ സാങ്കേതികവശങ്ങൾ വിശദീകരിച്ചു.
Tags : NattuVishesham DistrictNews