അമ്പലപ്പുഴ ടൗൺ റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷവും വിദ്യാഭ്യാസ അവാർഡ് ദാനവും ജി. സുധാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ മിനി സിവിൽ സ്റ്റേഷൻ നിർമാണമാരംഭിക്കാൻ ജില്ലാ കളക്ടറും എഡിഎമ്മും മുൻകൈയെടുക്കണമെന്ന് ജി. സുധാകരൻ എംഎൽഎ. അമ്പലപ്പുഴ ടൗൺ റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷവും വിദ്യാഭ്യാസ അവാർഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ജി. സുധാകരൻ. നിലവിൽ പ്രവർത്തിക്കുന്ന ഓഫിസുകൾ മാറ്റി സ്ഥാപിക്കാൻ കമ്മിറ്റി കൂടിയിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നാൽ, ബന്ധപ്പെട്ട വകുപ്പുകളൊന്നും ഇതിന് മുൻകൈയെടുക്കുന്നില്ല. ഉത്തരവാദിത്വപ്പെട്ടവർ ഇതിന് മുൻകൈയെടുക്കണം. ടൗൺ ഹാൾ നവീകരണത്തിന് സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ. മനോജ് കുമാർ, അസോസിയേഷൻ രക്ഷാധികാരി ചന്ദ്രമോഹനൻപിള്ള, വൈസ് പ്രസിഡന്റ് ശരണ്യ ആർ. നായർ, സെക്രട്ടറി ജി. അനിൽകുമാർ, ജോയിന്റ് സെക്രട്ടറി സിമി സന്തോഷ്, എക്സിക്യൂട്ടീവംഗങ്ങളായ അഡ്വ. രാജേഷ്, അഡ്വ. സുരേഷ്, ട്രഷറർ വിജയ് മോഹൻ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews