കരുവാരകുണ്ട് ഗവ. എച്ച്എസ്എസിലെ വിദ്യാര്‍ഥിനി പി. സൂര്യ രചിച്ച ആത്മായനം നോവലിന്റെ പ്രകാശന ചടങ്ങ് മന്ത്രി എ.പി. അനില്‍കുമാര്‍ നിർവഹിക്കുന്നു.
കരുവാരക്കുണ്ട്: ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനി പി. സൂര്യ രചിച്ച ആത്മായനം നോവലിന്റെ പ്രകാശനം മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു.
സ്കൂളിന്റെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ വിദ്യാ ആപ്പിന്റെ ലോഞ്ചിംഗും ചടങ്ങില്‍ നടന്നു. ഒലീവ് ബുക്സ് അച്ചടിച്ച് ജിഎച്ച്എസ്എസ് കരുവാരക്കുണ്ട് പ്രസിദ്ധീകരിച്ച നോവലിന് ഇതിനകം തന്നെ വായനാ ലോകത്തുനിന്നും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചിട്ടുള്ളത്.
സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി അഫ്ര സഹ്നയാണ് നോവലിന്റെ കവര്‍ ചിത്രം തയ്യാറാക്കിയത്. മുഖ്താര്‍ ഉദിരമ്പൊയിലാണ് പുസ്തകത്തിന്റെ ഡിസൈനര്‍.
ആദ്യപ്രതി ഫിദ ഫാത്തിമ ഏറ്റുവാങ്ങി. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ഉണ്ണീന്‍കുട്ടി വിദ്യാ ലിങ്ക് ആപ്പിന്റെ ലോഞ്ചിംഗും, പ്രധാനധ്യാപകന് ഇ.ആര്. ഗിരിജ ഉപഹാര സമര്‍പണവും നിര്‍വഹിച്ചു.
ഡെപ്യൂട്ടി എച്ച്എം മണി പുസ്തക പരിചയം നടത്തി. പ്രിന്‍സിപ്പല്‍ കെ. സിദ്ദീഖ്, എസ്എംസി ചെയര്മാന് സജനു തഅലീം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി ഡേവിഡ്, സ്ഥിരസമിതി അധ്യക്ഷരായ നൗഷാദലി കുരിക്കല്‍, സബീറലി, ഫസീല, വാര്‍ഡ് അംഗം സബാദ്, മുന്‍ പ്രധാനധ്യാപകനും എഴുത്തുകാരനുമായ രാജന് കരുവാരകുണ്ട്, എഴുത്തുകാരന് നൗഷാദ് പുഞ്ച, എഴുത്തുകാരിയും അധ്യാപികയുമായ പി. ശാലിനി, പിടിഎ വൈസ് പ്രസിഡന്റ്, നോവലിസ്റ്റ് പി. സൂര്യ, സ്റ്റാഫ് സെക്രട്ടറി ഹൈദരലി എന്നിവര്‍ പ്രസംഗിച്ചു.