സെന്‍ട്രല്‍ മാര്‍ക്കറ്റ്.
കോഴിക്കോട്: സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കാന്‍ തീരുമാനിച്ച ആധുനിക ഷോപ്പിംഗ് മാള്‍ പദ്ധതി നഷ്ടമാകുമോ എന്ന ആശങ്ക നിലനില്‍ക്കേ ഇടപെടുമെന്ന് കോഴിക്കോട് മേയര്‍ ഒ. സദാശിവന്. പദ്ധതിയുടെ ഭാഗമായി ഈ മാസം 30 നകം വ്യാപാരികളെ ഇവിടെ നിന്ന് ഒഴിപ്പിക്കണമെന്നായിരുന്നു ധാരണ. എന്നാല്‍ വ്യാപാരികളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളൊന്നും സാങ്കേതിക കാരണങ്ങളാല്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു വിഭാഗം വ്യാപാരികള്‍ കോടതിയില്‍ പോയതാണ് ഇതിന് കാരണം. ഈ വിഷയത്തില്‍ കോര്പറേഷന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മേയര്‍ വ്യക്തമാക്കി. സ്ഥലം എംഎല്‍എയുമായി വിഷയം ചര്‍ച്ച ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള നവീകരണമാണ് ലക്ഷ്യം വച്ചിരുന്നത്. ഏകദേശം 55 കോടി രൂപ ചെലവിട്ട് കെട്ടിടം പണിയാനാണ് കോഴിക്കോട് മുനിസിപ്പല്‍ കോര്പറേഷന് തീരുമാനിച്ചിരുന്നത്. രണ്ട് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ വിശാലമായ ഷോപ്പിംഗ് മാള്‍ നിര്‍മിക്കുമെന്നായിരുന്നു പ്രഖ്യാപനം. സെന്‍ട്രലൈസ്ഡ് എയര്‍കണ്ടീഷണര്‍ സംവിധാനം, സീഫുഡ് റസ്റ്ററന്റ്, ഫുഡ് കോര്‍ട്ട് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. പിഎംഎസ്എസ്വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരണം ലക്ഷ്യമിട്ടത്. പദ്ധതിയുടെ ഉദ്ഘാടനം 2025 ജൂലൈയില്‍ അന്ന് കേന്ദ്രമന്ത്രിയായിരുന്ന ജോര്‍ജ് കുര്യനാണ് ഉദ്ഘാടനം ചെയ്തത്. മത്സ്യ വില്പനയ്ക്കൊപ്പം ഫുഡ് റെറസ്റ്ററന്റും തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും രാത്രിയില്‍ കഴിയുന്നതിനുള്ള ഡോര്‍മെറ്ററി സൗകര്യം ഉള്‍പ്പെടെ നിരവധി സൗകര്യങ്ങളുമായിരുന്നു വാഗ്ദാനം.
കൃത്യമായ ആസൂത്രണമില്ല: വ്യാപാരികള്‍
കൃത്യമായ ആസൂത്രണമില്ലാതെയും തങ്ങളുമായി കൂടിയാലോചനകള്‍ നടത്താതെയുമാണ് സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരണ പദ്ധതി പ്രഖ്യാപിച്ചതെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. 2005ല്‍ പണി കഴിച്ച് ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് ഇപ്പോള്‍ പൊളിച്ച് പണിയുമെന്ന് പ്രഖ്യാപിച്ചത്.
കുറഞ്ഞത് 50 വര്‍ഷത്തേക്ക് എങ്കിലും ഈ കെട്ടിടം ഇനിയും നിലനില്‍ക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. കേവലം 20 വര്‍ഷം മാത്രം പഴക്കമുള്ള കെട്ടിടം പൊളിച്ചു പണിയാനുള്ള തീരുമാനത്തില്‍ അഴിമതിയുണ്ടെന്നും അവര്‍ ആരോപിച്ചു.
മാധ്യമങ്ങളിലൂടെയാണ് സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരണ വിവരം അറിഞ്ഞതെന്നും തുടര്‍ന്ന് കോടതി വഴി പദ്ധതിയുടെ ഡിപിആര്‍ എടുത്തപ്പോള്‍ 15 കടമുറികള്‍ പണിയാനുള്ള പ്ലാനാണ് അതില്‍ ഉണ്ടായിരുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇതിന് പുറമെ 50 ലോറികള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ഡിപിആറില്‍ നല്‍കിയിരുന്നത്.
നിലവില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ 200 കടമുറികളില്‍ കച്ചവടമുണ്ട്. ഇത് 15 കടമുറികളിലേക്ക് ചുരുങ്ങുമ്പോള്‍ തങ്ങളുടെ കച്ചവടത്തെ ബാധിക്കുമെന്ന് ഭയപ്പെടുന്നതായും അവര്‍ പറഞ്ഞു. സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരണത്തിനെതിരേ വ്യാപാരികളുടെ നേതൃത്വത്തില്‍ കോ-ഓർഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
നവീകരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളുടെയും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
Tags : District News Nattuvishesham Modern shopping mall legal tangle