കാസര്‍ഗോഡ്: ജില്ലയില്‍ കാലവര്‍ഷത്തിന് മുന്നോടിയായി ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെ അധ്യക്ഷതയില്‍ നടന്ന ദുരന്തനിവാരണ സമിതി ജില്ലാതല യോഗത്തില്‍ തീരുമാനിച്ചു.
തദ്ദേശസ്വയംഭരണം, റവന്യു, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകള്‍ നടത്തുന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. നിര്‍മാണത്തിനായി അടച്ചിട്ടുള്ള ചെര്‍ക്കള-ബേവിഞ്ച ദേശീയപാത11നു തുറക്കുമെന്ന് ദേശീയപാത നിര്‍മാണ കരാര്‍ കമ്പനി പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു.
ദേശീയപാത നിര്‍മാണത്തില്‍ കഴിഞ്ഞ കാലവര്‍ഷത്തില്‍ മണ്ണിടിച്ചിലും വെള്ളക്കെട്ടും ഉണ്ടായ പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്കി. മുന്‍വര്‍ഷങ്ങളില്‍ കാലവര്‍ഷത്തില്‍ അപകടമുണ്ടായ മേഖലകളില്‍ കാസര്‍ഗോഡ്, കാഞ്ഞങ്ങാട് ആര്‍ഡിഒമാര്‍ പരിശോധന നടത്തി നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്കാന് കളക്ടര്‍ നിര്‍ദേശം നല്കി. തൃക്കണ്ണാട് ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ കടലേറ്റം തടയുന്നതിനുള്ള പ്രവൃത്തികള്‍ അടുത്തയാഴ്ച ആരംഭിക്കും.
മുന്‍വര്‍ഷങ്ങളില്‍ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായ മേഖലകളില്‍ ജാഗ്രത പാലിക്കുന്നതിനും ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നതിനും നടപടി സ്വീകരിക്കും എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സന്നദ്ധസേനാംഗങ്ങളുടെ സംഘം രൂപീകരിക്കും.
അവര്‍ക്ക് പരിശീലനം നല്‍കും. അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങളും പരസ്യ ബോര്‍ഡുകളും നീക്കം ചെയ്യും. റോഡുകളും തോടുകളും ശുചീകരിക്കുന്നതിനും നടപടി സ്വീകരിക്കും. മണ്‍സൂണ്‍ മുന്നൊരുക്കം ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗം വീണ്ടും ചേര്‍ന്ന് വിലയിരുത്തും.
ദേശീയപാത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മഴക്കാലത്ത് അപകടസാധ്യതയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് മണ്ണിടിച്ചിലും വെള്ളക്കെട്ടും വരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ സമഗ്ര പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. കഴിഞ്ഞ കാലവര്‍ഷത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായ വീരമലക്കുന്നില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം ഭൂമിയില്‍ വിള്ളലുണ്ടായ കുളങ്ങാട്ട് മലയില്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന വനം വകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്കി. ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് താത്കാലിക നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴില്‍ ദുരന്തനിവാരണ പദ്ധതികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരികയാണെന്നും എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. സ്കൂളുകളുടെ കെട്ടിട ഫിറ്റ്നസ് പരിശോധിക്കാന്‍ പിഡബ്ല്യുഡി അസി. എന്‍ജിനിയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജില്ലയില്‍ തീരദേശത്തും മലയോരത്തും കാലവര്‍ഷത്തില്‍ ദുരന്തസാധ്യതകള്‍ പരിഗണിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. ദേശീയപാത നിര്‍മ്മാണ മേഖലയിലും മണ്ണിടിച്ചില്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണം.
തൃക്കണ്ണാട് ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ കടലേറ്റം തടയുന്നതിനുള്ള പ്രവൃത്തികള്‍ അടുത്തയാഴ്ച ആരംഭിക്കുമെന്ന് ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
ശുചീകരണത്തിനായി എല്ലാ ഓഫീസുകളില്‍ നിന്നും ഇ-വേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയതായി യോഗത്തില്‍ അറിയിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, എഡിഎം കെ.വി. ശ്രുതി, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, ഡിവൈഎസ് പി. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Monsoon fronts nattuvisheaham local news