ആലപ്പുഴ: കഴിഞ്ഞ ഒന്നരവർഷത്തിനിടെ എംപിയുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് 87 പദ്ധതികൾക്കായി 8.54 കോടി രൂപയുടെ ഭരണാനുമതി നൽകിയെന്ന് കെ.സി. വേണുഗോപാൽ എംപി. പക്ഷേ പദ്ധതികൾ യാഥാർഥ്യമാക്കുന്നതിൽ നീതീകരിക്കാനാകാത്ത അലംഭാവം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്ന് എംപി ഫണ്ട് അവലോകന യോഗത്തിൽ വേണുഗോപാൽ പറഞ്ഞു.
അതോടൊപ്പം പണികൾ പൂർണമായും പൂർത്തീകരിച്ച പ്രവൃത്തികളുടെ ബില്ലുകൾ യഥാസമയം സമർപ്പിക്കുന്നതിലും അത് ഇ-സാക്ഷി പോർട്ടലിൽ രേഖപ്പെടുത്തുന്നതിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു വലിയ വീഴ്ചയുണ്ടായി. ഇത്തരത്തിൽ ഒരു കോടിയിലധികം രൂപയുടെ ബില്ലുകൾ ഉദ്യോഗസ്ഥർ സമർപ്പിച്ചില്ല. ഇതിനു പുറമേ 50 ലക്ഷത്തോളം രൂപയുടെ പണികൾ തീർന്ന പ്രവൃത്തികളുടെ ബില്ലുകൾ തയാറാക്കുന്നതിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായി.
എസ്സി, എസ് ടി വിഭാഗങ്ങൾക്കായുള്ള എസ്സിപി ഫണ്ട് ചെലവഴിക്കുന്നതിലും ഉദ്യോഗസ്ഥർ വിമുഖത കാട്ടുകയാണ്. ഇത് മനഃപൂർവമാണോയെന്ന് സംശയിക്കുന്നതിനാൽ ഇതേക്കുറിച്ചു വിശദമായി അന്വേഷിക്കണമെന്ന് എംപി ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
എംപി ഫണ്ട് ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നൽകുന്ന പദ്ധതികൾ മേൽനടപടികൾക്കായി പരിഗണനയ്ക്കെടുക്കുന്നതിൽ ആവശ്യമായ രേഖകൾ പല തദ്ദേശ സ്ഥാപനങ്ങളും യഥാസമയം ലഭ്യമാക്കുന്നില്ല.
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളിലെയും എസ്സി, എസ്ടി വകുപ്പിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്നും എം പി ജില്ലാ കലക്ടറോട് നിർദേശിച്ചു.
ഇ-സാക്ഷി പോർട്ടൽ ഉപയോഗിക്കുന്നതിൽ ജീവനക്കാർക്കുള്ള പരിചയക്കുറവും പദ്ധതി നടത്തിപ്പിനെ ബാധിക്കുന്നുണ്ട്. ഇതു പരിഹരിക്കുന്നതിന് ആവശ്യമായ പരിശീലനം ബന്ധപ്പെട്ട ജീവനക്കാർക്ക് നൽകണം. പദ്ധതികൾ യഥാസമയം പൂർത്തീകരിക്കുന്നതിലും ബില്ലുകൾ സമർപ്പിച്ച് പോർട്ടൽ വഴി അനുവദിക്കപ്പെട്ട തുക ചെലവഴിക്കപ്പെട്ടു എന്നത് ഉറപ്പുവരുത്തുന്നതിലും പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ അതീവ ജാഗ്രത പുലർത്തണമെന്നും എംപി നിർദേശിച്ചു.
യോഗത്തിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ മിനി നാരായണൻ, ബിഡിഒമാർ, മുൻസിപ്പൽ സെക്രട്ടറിമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Tags : nattu vishesham K.C. Venugopal blames elay in projects