ജില്ലാതല ഓണാഘോഷ പരിപാടി ശ്രാവണപൊലിമയുടെ ഉദ്ഘാടനം മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: സമൂഹത്തിൽ മാനവികഐക്യവും സാഹോദര്യവും ശക്തിപ്പെടുത്താൻ ഓണം നൽകുന്ന സന്ദേശം ഏറെ പ്രസക്തമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ. കേരളത്തിന്റെ പൈതൃകത്തിലേക്കും പാരന്പര്യത്തിലേക്കുമുള്ള യാത്ര കൂടിയാണിത്.
ലോകമെന്പാടുമുള്ള മലയാളികളെ പരസ്പരം കോർത്തുപിടിക്കുന്നതാണ് ഓണത്തിന്റെ സന്ദേശം. രാപ്പാടി ഓപ്പണ്‍ എയർ ഓഡിറ്റോറിയത്തിൽ ജില്ലാതല ഓണാഘോഷ പരിപാടി ശ്രാവണപൊലിമയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ചിങ്ങം ഒന്ന് കർഷകദിനമായി ആചരിക്കുന്നത് മുതൽ കാർഷിക സമൃദ്ധിയുടെയും ഒത്തൊരുമയുടെയും നാളുകളിലേക്കാണ് മലയാളി കടക്കുന്നത്. കേരളതനിമ വിളിച്ചോതുന്ന പരന്പരാഗത നാടൻ കലാരൂപങ്ങളെ ഇത്തരം ആഘോഷങ്ങൾ വഴി സജീവമായി നിലനിർത്താനും പുതുതലമുറയ്ക്ക് മുൻപിൽ എത്തിക്കാനും ഇത്തരം പരിപാടികൾ മുഖേന സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഓണക്കാലത്ത് വിപണിയിലെ വിലക്കയറ്റം നിയന്ത്രിച്ച് മലയാളികൾക്ക് മികച്ച രീതിയിൽ ഓണം ആഘോഷിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സർക്കാർ കാര്യക്ഷമമായി നടപ്പാക്കിയതായി പരിപാടിയിൽ വിശിഷ്ടാതിഥിയായ മന്ത്രി കെ.എ. തുളസി പറഞ്ഞു. സിവിൽ സപ്ലൈസ്, സഹകരണം, കൃഷി തുടങ്ങിയ വകുപ്പുകൾ സംയോജിതമായി ശക്തമായ ഇടപെടലുകളാണ് നടത്തിയത്.
പച്ചക്കറിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ മിതമായ നിരക്കിലും മികച്ച ഗുണമേന്മയിലും ജനങ്ങളിലേക്ക് എത്തിക്കാൻ നൂറുകണക്കിന് ഒൗട്ട്ലറ്റുകൾ തുറന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രമേഷ് പിഷാരടി എംഎൽഎ അധ്യക്ഷനായി. വി.കെ. ശ്രീകണ്ഠൻ എംപി, ഡിടിപിസി ജില്ലാ സെക്രട്ടറി ഡോ.എസ്.വി . സിൽബർട്ട് ജോസ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു.
വൈകുന്നേരം പഞ്ചവാദ്യത്തോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് കണ്യാർകളി, പൊറാട്ടുകളി, സിനിമാതാരം കൃഷ്ണപ്രഭയും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടി എന്നിവ അരങ്ങേറി. 28 വരെ രാപ്പാടി ഓപ്പണ്‍ എയർ ഓഡിറ്റോറിയത്തിനു പുറമെ വെള്ളിയാങ്കല്ല് പൈതൃക പാർക്ക്, ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്ക്, പോത്തുണ്ടി ഉദ്യാനം എന്നീ വേദികളിലായാണ് ജില്ലയിലെ ഓണാഘാഷ പരിപാടികൾ നടക്കുന്നത്.
വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിൽ എന്നിവയുടെ സംയുക്താഭി മുഖ്യത്തിലാണ് ഓണാഘോഷം നടക്കുന്നത്.
തിരുവോണനാളിലെ പരിപാടികൾ
ഇന്ന് തിരുവോണ നാളിൽ രാപ്പാടി ഓഡിറ്റോറിയത്തിൽ വൈകുന്നേരം 5.30ന് ദേവാശ്രയം ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിലെ കുട്ടികളുടെ കലാപരിപാടികൾ, ആറിന് രാമൻ സ്മാരക തിറപൂതൻ കളി സംഘം അവതരിപ്പിക്കുന്ന തിറയും പൂതനും, 6.30ന് വിപിൻ പുലവരും സംഘവും അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്ത്, രാത്രി 7.30ന് എസ്എസ് മ്യൂസിക് ബാൻഡ് പാലക്കാട് അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ എന്നിവ ഉണ്ടായിരിക്കും.
വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ വൈകുന്നേരം ആറിന് അനിൽ ഏകലവ്യ ആലുവ അവതരിപ്പിക്കുന്ന ഗസൽ, രാത്രി എട്ടിന് മിന്ത്യ ക്രിയേഷൻസിന്റെ മ്യൂസിക്കൽ നൈറ്റ് എന്നിവ നടക്കും.
ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്കിൽ വൈകിട്ട് അഞ്ചിന് സപ്തസ്വരം ഓർക്കസ്ട്രയുടെ ‘മെലോഡിയസ് ഹിറ്റ്സ്’, 6.30ന് സിനിമാ പിന്നണി ഗായകൻ പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന ‘നാട്ടുഈണങ്ങൾ’ എന്നിവ അരങ്ങേറും.
പോത്തുണ്ടി ഉദ്യാനത്തിൽ വൈകുന്നേരം 4.30ന് വിപിൻസ് നാട്യാലയയുടെ ‘നാട്യധ്വനി’, 5.30ന് സാരംഗ് ഓർക്കസ്ട്രയുടെ ഗാനമേള എന്നിവ നടക്കും.
Tags : NattuVishesham DistrictNews