പ്രതീകാത്മക ചിത്രം
ഗോത്രമഹാസഭ പ്രക്ഷോഭത്തിലേക്ക്
കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചില്‍ 2003ല്‍ ഭൂസമരം ചെയ്ത ആദിവാസികളെ ബലപ്രയോഗത്തിലൂടെ കുടിയിറക്കുന്നതിനിടയിലും തുടര്‍ന്നും ഉണ്ടായ മനുഷ്യാവകാശ ലംഘനങ്ങളിലും ആദിവാസി ചെമ്മാട് ജോഗിയുടെ മരണത്തിലും സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭ പ്രക്ഷോഭം തുടങ്ങുന്നു. സമരപരിപാടികള്‍ ലോക ആദിവാസി ദിനമായ ഒമ്പതിന് രാവിലെ 10ന് ബത്തേരിയില്‍ ചേരുന്ന കണ്‍വന്‍ഷനില്‍ പ്രഖ്യാപിക്കും.
വാസത്തിനും കൃഷിക്കുമുള്ള ഭൂമിക്കായി മുത്തങ്ങ വനത്തില്‍ പോരാടിയവര്‍, അവരുടെ കുടുംബാംഗങ്ങള്‍, രാഷ്ട്രീയ, സമൂഹിക, സാംസ്കാരിക സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഗോത്രമഹാസഭ ജനറല്‍ സെക്രട്ടറി പി.ജി. ജനാര്ദനന്, ആദി ജനസഭ ജനറല്‍ സെക്രട്ടറി സി.ജെ. തങ്കച്ചന്, ഗോത്രമഹാസഭ ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. ഗോപാലന്, നന്ദകുമാര്‍ മരിയനാട്, ബാലന് മരിയനാട്, ആദിവാസി-ദളിത് യുവജനക്കൂട്ടായ്മയായ ആദിശക്തി സമ്മര്‍ സ്കൂളിന്റെ ഭാരവാഹികളായ സതീശ്രീ ദ്രാവിഡ്, കെ.ആര്. രേഷ്മ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വനഭൂമിയില്‍ അവകാശം സ്ഥാപിച്ചവരെ കുടിയിറക്കിയ 2003 ഫെബ്രുവരി 19നും തുടര്‍ന്നുള്ള ദിവസങ്ങളിലും നിരവധി ആദിവാസികള്‍ ക്രൂരതയ്ക്ക് ഇരയായി. ഗുരുതരമായി പരിക്കേറ്റവരും അംഗവൈകല്യം സംഭവിച്ചവരും മാനസികമായി തകര്‍ന്നവരും ഇക്കൂട്ടത്തിലുണ്ട്. മുത്തങ്ങ സമരത്തില്‍ പങ്കെടുത്തിന്റെ പേരില്‍ വനം-പൊലീസ് കേസുകളില്‍ ഉള്‍പ്പെട്ടതില്‍ 35 പേര് ഇതിനകം മരിച്ചു. കഴിഞ്ഞദിവസം ജില്ലാ സെഷന്‍സ് കോടതി തീര്‍പ്പാക്കിയ സിബിഐ കേസില്‍ മാത്രം പ്രതികളില്‍ 15 പേരാണ് മരിച്ചത്. ഒരാളെ ദീര്‍ഘകാലമായി കാണാനില്ല. ആദിവാസികള്‍ നേരിട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനായിരുന്ന നിര്‍മല ദേശ്പണ്ഡേ ഉത്തരവായതാണ്. എന്നാല്‍ അന്വേഷണം ഉണ്ടായില്ല.
മുത്തങ്ങ വനത്തില്‍ കുടിയിറക്കിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരന് കെ.വി. വിനോദും ആദിവാസി ചെമ്മാട് ജോഗിയും ഒരേ സ്ഥലത്താണ് മരണപ്പെട്ടത്. ഇതില്‍ ജോഗിയുടെ മരണത്തില്‍ എഫ്ഐആര്‍ മാത്രമാണുള്ളത്. അന്വേഷണം ഉണ്ടാകാത്തത് വിവേചനമാണ്. ജോഗിയുടെ കുടുംബത്തിന് നീതി ലഭിക്കണം.
മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട സിബിഐ കേസില്‍ ഗോത്രമഹാസഭ പ്രതീക്ഷിച്ച വിധിയല്ല ജില്ലാ സെഷന്‍സ് കോടതിയില്‍നിന്നുണ്ടായത്. പൊലീസുകാരന് വിനോദിന്റെ മരണം, പൊലീസുകാരന് അബ്ദുസലാം, വന ജീവനക്കാരന് ശശിധരന് എന്നിവര്‍ക്കുണ്ടായ പരിക്ക് എന്നീ സംഭവങ്ങളാണ് സിബിഐ കേസില്‍ കോടതി പരിഗണിച്ചത്. രണ്ട് സംഭവങ്ങളിലും മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കുമെന്നായിരുന്നു പ്രതീക്ഷ. പൊലീസുകാരന് വിനോദ് മരിച്ച കേസില്‍ രണ്ടാംപ്രതി അശോകനെതിരേ തെളിവുണ്ടെന്ന കോടതി നിരീക്ഷണത്തോട് ഗോത്രമഹാസഭയ്ക്ക് യോജിപ്പില്ല. സമരഭൂമിയില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശ്രമിച്ചത് അശോകനാണ്. ഇദ്ദേഹം മരണപ്പെട്ടതുകൊണ്ടാണ് ഈ സംഭനത്തില്‍ കോടതി ശിക്ഷ വിധിക്കാത്തത്. എങ്കിലും അശോകന് ഒഴികെ പ്രതികളെ കുറ്റവിമുക്തരാക്കിയത് സ്വാഗതാര്‍ഹമാണ്.
രണ്ടാമത്തെ സംഭവത്തില്‍ കോടതി നടത്തിയ നിരീക്ഷണങ്ങളെയും നാലു പേരെ ശിക്ഷിച്ചതിനെയും ഗോത്രമഹാസഭ അംഗീകരിക്കുന്നില്ല. സെഷന്‍സ് കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ അടുത്തദിവസം അപ്പീല്‍ നല്‍കുമെന്നും ഗോത്രമഹാസഭ-ആദിശക്തി സമ്മര്‍ സ്കൂള്‍ ഭാരവാഹികള്‍ പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews Rights Violations