മാലിന്യസംസ്കരണത്തിന് മാതൃക തേടി മൂവാറ്റുപുഴ നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണിയുടെ നേതൃത്വത്തില്‍ നഗരസഭാംഗങ്ങളും ആരോഗ്യ വിഭാഗം ജീവനക്കാരും
മൂവാറ്റുപുഴ : നഗരസഭയുടെ നേതൃത്വത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സമഗ്ര മാലിന്യസംസ്കരണ സംവിധാനത്തിന് കൂടുതല്‍ പ്രായോഗികവും ശാസ്ത്രീയവുമായ മാതൃക കണ്ടെത്തുന്നതിന് മൂവാറ്റുപുഴ നഗരസഭാംഗങ്ങളും ആരോഗ്യ വിഭാഗം ജീവനക്കാരും പഠനയാത്ര നടത്തി.
കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെന്റ് ബോര്‍ഡ് മാലിന്യസംസ്കരണ പദ്ധതിക്കായി നിലവില്‍ 35 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും നിലവിലുള്ള ഡിപിആറില്‍ ആവശ്യമായ പ്രായോഗികതയും സമഗ്രതയും ഇല്ലെന്ന നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണിയുടെ അഭിപ്രായത്തെ തുടര്‍ന്നാണ് വിവിധ സ്ഥലങ്ങളിലെ പ്രവര്‍ത്തനക്ഷമമായ മാലിന്യസംസ്കരണ സംവിധാനങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് മനസിലാക്കുന്നതിനായി പഠനയാത്ര സംഘടിപ്പിച്ചത്.
പഠനയാത്രയുടെ ഭാഗമായി തിരുവനന്തപുരം മുട്ടത്തറയിലെ എഫ്എസ്റ്റിപി, എസ്റ്റിപി പ്ലാന്റുകള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് വര്‍ക്കല നഗരസഭയുടെ കീഴില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാനിറ്ററി വേസ്റ്റ് എനര്‍ജി പ്ലാന്റ്, എഫ്എസ്റ്റിപി എന്നിവയും നിര്‍മാണം പുരോഗമിക്കുന്ന വിന്‍ഡ്രോ കംപോസ്റ്റിംഗ് പ്ലാന്റും സംഘം സന്ദര്‍ശിച്ചു. വര്‍ക്കലയില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാനിറ്ററി വേസ്റ്റ് എനര്‍ജി പ്ലാന്റാണ് മൂവാറ്റുപുഴയ്ക്ക് കൂടുതല്‍ പ്രായോഗികമായി തോന്നിയ മാതൃകയെന്ന് ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി പറഞ്ഞു.
ഫ്ളോറ ടെക്നോളജിയുടെ നേതൃത്വത്തില്‍ സാനിറ്ററി വേസ്റ്റ് ശേഖരണവും സംസ്കരണവും നടത്തുന്ന സംവിധാനമാണ് വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്നത്. സിഎഫ്സിയുടെ ടൈഡം ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള ഈ പ്ലാന്റിന് പ്രതിദിനം അഞ്ച് ടണ്‍ വരെ സാനിറ്ററി നാപ്കിനുകള്‍ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും അവ ഊര്‍ജമായി പരിവര്‍ത്തനം ചെയ്യുന്നതിനുമുള്ള ശേഷിയുണ്ട്.
വര്‍ക്കല എഫ്എസ്ടിപി മാതൃക മൂവാറ്റുപുഴയിലും നടപ്പാക്കുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്തി ഡിപിആര്‍ തയാറാക്കുന്നതിനുള്ള നടപടികളും ആരംഭിക്കുമെന്ന് ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി പറഞ്ഞു.
Tags : NattuVishesham.DistricteNews