സരസ് മേളയിൽ കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടിയിൽനിന്ന്.
ചാലിശ്ശേരി: ചാലിശ്ശേരിയിൽ പുരോഗമിക്കുന്ന 13-ാമത് ദേശീയ സരസ് മേള പെൺകരുത്തിന്റെ വിജയഗാഥയായി മാറുന്നു. ആറുദിനങ്ങൾ പിന്നിടുമ്പോൾ ആയിരക്കണക്കിന് വനിതാ സംരംഭകരുടെ അതിജീവനത്തിന്റെയും സ്വയംപര്യാപ്തതയുടെയും സാക്ഷ്യപത്രമായി മേള മാറി.
കുടുംബശ്രീ അംഗങ്ങളുടെ സർഗ്ഗശേഷിക്ക് ചാലിശ്ശേരി വേദിയൊരുക്കുമ്പോൾ സന്ദർശകരുടെ എണ്ണത്തിലും വലിയ വർധനയാണ് രേഖപ്പെടുത്തുന്നത്. കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ മേളയ്ക്ക് ഉത്സവഛായ പകർന്നു.
വിപണന സ്റ്റാളുകൾക്ക് സമീപത്തെ ഓപ്പൺ സ്റ്റേജിൽ അരങ്ങേറിയ കൈകൊട്ടിക്കളി, വീരനാട്യം എന്നിവ ആസ്വാദക പ്രശംസ പിടിച്ചുപറ്റി. ചവിട്ടുകളി ഉത്സവവും കാണികൾക്ക് നവ്യാനുഭവമായി. വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി ഫുഡ് കോർട്ടും ജനസാഗരത്തെ ആകർഷിക്കുന്നുണ്ട്.
ഇന്ത്യയുടെ വിവിധ കോണുകളിൽ നിന്നുള്ള 25ലേറെ ബിരിയാണി ഇനങ്ങൾക്കൊപ്പം അട്ടപ്പാടിയുടെ തനത് രുചിയായ 'വനസുന്ദരി' തേടിയും നിരവധി പേരെത്തുന്നുണ്ട്. സാംസ്കാരിക സമ്മേളനം കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു.
അമ്മു സ്വാമിനാഥൻ വേദിയിൽ നടന്ന ലൈവ് മെലഡിയും തുടർന്ന് ഷഹബാസ് അമൻ നയിച്ച ഗസൽ സന്ധ്യയും ആറാം ദിനത്തെ സംഗീതസാന്ദ്രമാക്കി. ആസ്വാദകരെ സംഗീതത്തിന്റെ മാന്ത്രിക ലോകത്തെത്തിച്ചാണ് ആറാം ദിനത്തിനു തിരശീല വീണത്. മേളയുടെ ഏഴാം ദിനമായ ഇന്നു രാവിലെ 11ന് സെമിനാറും ഉച്ചയ്ക്ക് രണ്ടിന് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും നടക്കും.
വൈകുന്നേരം നാലിന് തിരുവരങ്കൻ ഫോക്ക് അക്കാദമിയുടെ നാടൻപാട്ടും രവി വേണുഗോപാലിന്റെ സോളോ തബലയും അരങ്ങേറും. ആറിനു നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. തുടർന്ന് രാത്രി ഏഴിന് ബിൻസിയും ഇമാമും നയിക്കുന്ന സംഗീതപരിപാടിയും നടക്കും.