നീലശ്വരം റെയില്‍വേ സ്റ്റേഷന്.
നീലേശ്വരം: യാത്രാക്ലേശങ്ങളും സ്റ്റോപ്പുകളുടെ കുറവും പരിഗണിക്കാതെ റെയില്‍വേയുടെ ഖജനാവ് നിറച്ച് നീലേശ്വരം റെയില്‍വേ സ്റ്റേഷന് കുതിക്കുന്നു. വിവരാവകാശ നിയമപ്രകാരം ലഭ്യമായ 2025-26 സാമ്പത്തിക വര്‍ഷത്തെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളുടെ വരുമാന റാങ്കിംഗില്‍ മികച്ച മുന്നേറ്റമാണ് നീലേശ്വരം കാഴ്ചവച്ചത്.
കഴിഞ്ഞവര്‍ഷം 7.79 കോടി രൂപയായിരുന്നു നീലേശ്വരം സ്റ്റേഷന്റെ പാസഞ്ചര്‍ വരുമാനം. എന്നാല്‍ 2025-26 വര്‍ഷത്തില്‍ ഇത് 8,49,48,952 രൂപയായി ഉയര്‍ന്നു. ഒറ്റവര്‍ഷത്തിനിടെ 70 ലക്ഷത്തിലധികം രൂപയുടെ വരുമാന വര്‍ധനവാണ് സ്റ്റേഷനിലുണ്ടായത്. ഇതോടെ കേരളത്തിലെ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ആദ്യ 45 സ്റ്റേഷനുകളുടെ പട്ടികയില്‍ 35-ാം സ്ഥാനത്തെത്താനും നീലേശ്വരത്തിന് സാധിച്ചു.
മലയോര മേഖലയിലുള്ളവരുടെ പ്രധാന റെയില്‍വേ ആശ്രയമാണ് നീലേശ്വരം സ്റ്റേഷന്. ബളാല്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കിനാനൂര്‍-കരിന്തളം, കയ്യൂര്‍-ചീമേനി, മടിക്കൈ എന്നീ പഞ്ചായത്തുകളിലെ ജനങ്ങള്‍ ട്രെയിന്‍ യാത്രയ്ക്കയിപ്രധാനമായും ഈ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. ഈ മേഖലകളില്‍ നിന്നുള്ള യാത്രക്കാരുടെ വര്‍ധനയാണ് സ്റ്റേഷന്റെ വരുമാന കുതിപ്പിന് കരുത്തായത്.
വരുമാനത്തില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയ സാഹചര്യത്തില്‍ നീലേശ്വരം സ്റ്റേഷനില്‍ അടിയന്തരമായി വികസന പദ്ധതികള്‍ നടപ്പിലാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സ്റ്റേഷന്റെ പരിമിതമായ സൗകര്യങ്ങള്‍ പരിഹരിക്കുന്നതിനായി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. പ്ലാറ്റ്ഫോമുകളുടെ നവീകരണം, മേല്‍ക്കൂരകളുടെ വിപുലീകരണം, കൂടുതല്‍ വിശ്രമമുറികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതിനുപുറമെ, യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി നീലേശ്വരത്ത് ആര്‍പിഎഫിന്റെ യൂണിറ്റ് ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.
വരുമാനത്തിലെ ഈ കുതിച്ചുചാട്ടം പരിഗണിച്ച് കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു. ആവശ്യത്തിന് സ്റ്റോപ്പുകളില്ലാത്തത് നിലവില്‍ മലയോര മേഖലയില്‍ നിന്നുള്ള യാത്രക്കാരെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്.
വിവരാവകാശം വഴി ലഭിച്ച പുതിയ വരുമാന കണക്കുകള്‍ മുന്‍നിര്‍ത്തി പുതിയ കെട്ടിടങ്ങൾ, ആര്‍പിഎഫ് യൂണിറ്റ് എന്നിവയുള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനും റെയില്‍വേ അനുകൂല തീരുമാനം എടുക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
Tags : Neeleshwaram Railway nattuvisheaham local news