കൊച്ചി: എറണാകുളം മെഡിക്കൽ കോളജിൽ സാധാരണക്കാർക്കു കുറഞ്ഞ ചെലവിൽ സ്പെഷാലിറ്റി ചികിത്സ ലഭിച്ചിരുന്ന ന്യൂറോ സർജറി വിഭാഗത്തിൽ ഡോക്ടർമാരില്ല. ന്യൂറോ സർജറി വിഭാഗത്തിൽ ഡോക്ടർമാരുടെ മൂന്നു തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്.
അത്യാധുനിക സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും ഒരുക്കിയ ന്യൂറോ സർജറി വിഭാഗത്തിൽ, താക്കോൽദ്വാര ശസ്ത്രക്രിയകൾ ഉൾപ്പടെ നേരത്തെ വിജയകരമായി നടന്നിരുന്നു.
സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ചു കുറഞ്ഞ ചെലവിൽ സങ്കീർണമായ ശസ്ത്രക്രിയകളും ചികിത്സകളും നടത്താനായിരുന്നതു സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമായിരുന്നു.
ആശുപത്രിയിലെ ജനറൽ സർജറി, ഓർത്തോപീഡിക്സ്, കാഷ്വാലിറ്റി തുടങ്ങി വിവിധ വിഭാഗങ്ങളിലും ആവശ്യത്തിനു ഡോക്ടർമാരില്ലെന്നു പരാതിയുണ്ട്.
ജനറൽ സർജറി വിഭാഗ ത്തിൽ 15 സ്ഥിരം ഡോക്ടർമാർ വേണ്ട സ്ഥാന നിലവിലുള്ളത് 11 പേരാണ്.
ഓർത്തോപീഡിക്സിൽ ഒന്പതു തസ്തികകളിൽ ആറു പേർ മാത്രമാണ് സ്ഥിരം ഡോക്ടർമാരായുള്ളത്. എമർജൻസി മെഡിസിനിൽ സ്ഥിരം ഡോക്ടർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.
നിലവിൽ ഇവിടെ സേവനം ചെയ്യുന്നതു കരാർ അടിസ്ഥാനത്തിലുള്ള രണ്ടു ഡോക്ടർമാരാണ്.
അതേസമയം മെഡിക്കൽ കോളജിൽ ആവശ്യമായ ഗ്യാസ്ട്രോ എൻട്രോളജി, പ്ലാസ്റ്റിക് സർജറി, പീഡിയാട്രിക് കാർഡിയോളജി എന്നീ വിഭാഗങ്ങളിലേക്കു പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Tags : Nattuvishesham Districtnews Deepikanews Without Doctors