കാസര്‍ഗോഡ്: നാടെങ്ങും ജലക്ഷാമം രൂക്ഷമാകുമ്പോഴും ജലസേചനത്തിനും കുടിവെള്ളത്തിനും വേണ്ടി ഭൂജലവകുപ്പിന് കുഴല്‍ക്കിണര്‍ കുഴിക്കാന്‍ നല്കിയ അപേക്ഷകളില്‍ അഞ്ചുമാസമായിട്ടും നടപടിയായില്ല. കിണര്‍ കുഴിക്കുന്ന റിഗ് ഇല്ലാത്തതാണ് നടപടി വൈകാന്‍ കാരണമാകുന്നത്. 15 വര്‍ഷം കാലാവധി കഴിഞ്ഞതിനാല്‍ നിലവിലുള്ള റിഗ് ആക്രി വിഭാഗത്തിലേക്ക് നല്‍കിയിരുന്നു. അതോടെ 2024 ഡിസംബര്‍ മുതല്‍ ജലസേചനം, വ്യക്തിഗത ശുദ്ധജലപദ്ധതി വിഭാഗങ്ങളിലേക്ക് കുഴല്‍ക്കിണര്‍ പ്രവൃത്തി നിലച്ചു.
എന്നാല്‍ സര്‍ക്കാരിന്റെ പദ്ധതിപ്രവൃത്തികള്‍ സ്വകാര്യ കുഴൽകിണര്‍ ഏജന്‍സികളില്‍ നിന്നു ടെൻഡര്‍ ക്ഷണിച്ചു ചെയ്തുവരുന്നുണ്ട്. ശുദ്ധജലത്തിനും ജലസേചനത്തിനും വേണ്ടി കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന് 80 അപേക്ഷകള്‍ ജില്ലയിലെ ഭൂഗര്ഭജലവകുപ്പില് കെട്ടിക്കിടക്കുന്നു. 16 മാസം മുമ്പ് ലഭിച്ച അപേക്ഷകളും ഇക്കൂട്ടത്തിലുണ്ട്.
കിണര്‍ കുഴിക്കണമെങ്കില്‍ സര്‍ക്കാര്‍ റിഗ് വരുന്നതുവരെ കാത്തുനില്ക്കണമെന്നാണ് അധികൃതര്‍ പറയുന്നത്. കൃഷി കരിഞ്ഞുനശിക്കുന്ന വേനലില്‍ 60ലേറെ അപേക്ഷകളാണ് ജലസേചനത്തിന് വെള്ളം തേടി ഭൂജലവകുപ്പിന്റെ സഹായം കാത്തുനില്‍ക്കുന്നത്. കൃഷി ആവശ്യത്തിനു കുഴല്‍ക്കിണര്‍ സ്ഥാപിക്കുന്നതിനു നല്കുന്ന ചെലവില്‍ 50 ശതമാനം ഇളവുണ്ട്. ഒരു മീറ്ററിന് 390 രൂപയാണ് നിരക്ക്. എന്നാല്‍ കര്‍ഷകര്‍ 195 അടച്ചാല്‍ മതി.
കുഴല്‍ക്കിണര്‍ കുഴിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തുക മുന്‍കൂട്ടി അടച്ച് കാത്തുനില്‍ക്കുന്നവരാണ് അപേക്ഷകര്‍. വെള്ളം കിട്ടുമോയെന്ന് പരിശോധന നടത്തി ഉറപ്പുവരുത്തിയ ശേഷമാണ് കുഴല്‍ക്കിണറിനുള്ള അപേക്ഷ നല്‍കുന്നത്. വെള്ളം കിട്ടുമോയെന്ന ജിയോളജിസ്റ്റിന്റെ പരിശോധനയ്ക്ക് 585 രൂപ നല്‍കേണ്ടതുണ്ട്.
കാസര്‍ഗോഡ് ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍ ഭൂജല വകുപ്പിന് അനുവദിച്ച അഞ്ചു റിഗുകൾ മൂന്നുമാസം മമ്പ് തിരുവനന്തപുരത്ത് എത്തിയിരുന്നു. ആകെ ആറരകോടി രൂപയാണ് ഇതിനു ചെലവ്.
കാസര്‍ഗോഡ്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലേക്കാണ് ഇവ വാങ്ങിയത്. എന്നാല്‍ കാസര്‍ഗോഡ് ജില്ലയിലേക്ക് ഇത് എന്നു വരുമെന്ന് ഒരു വിവരവുമില്ലെന്ന് അധികൃതര്‍ പറയുന്നു. കുഴല്‍കിണര്‍ കുഴിക്കാന്‍ സ്വകാര്യ ഏജന്‍സികള്‍ വലിയ തുക ഈടാക്കുന്നതായും അപേക്ഷകര്‍ പറയുന്നു. നേരത്തെ ഫെബ്രുവരിയില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് മൂന്നുമാസം കൂടി പിന്നിട്ടപ്പോഴും ആ ഉറപ്പ് നടപ്പിലായില്ല.
Tags : nattu vishesham processing well applications