നെയ്യാറ്റിന്‍കര: നഗരസഭ ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച നൈറ്റ് സ്ട്രീറ്റ് പദ്ധതി പരാജയപ്പെട്ടതായി ആക്ഷേപം. കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്താണ് അമരവിള പഴയ പാലത്തിനു സമീപത്തായി നൈറ്റ് സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയത്.
സായാഹ്നങ്ങളില്‍ സമയം ചെലവഴിക്കാനും സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കാനുമൊക്കെ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം നല്‍കിയത്. നൈറ്റ് സ്ട്രീറ്റിനായി തറയോടു പാകുകയും ഇരിപ്പിടങ്ങള്‍ ഒരുക്കുകയുമൊക്കെ ചെയ്തിരുന്നു. തിരുവനന്തപുരത്തെ മാനവീയം വീഥിയുടെ ചെറിയ പതിപ്പ് എന്നൊക്കെയായിരുന്നു പ്രചാരണം. പക്ഷെ, പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനം യാഥാര്‍ഥ്യമാക്കുന്നതിനു മുന്‍പ് നഗരസഭയില്‍ പുതിയ ഭരണസമിതി തദ്ദേശഭരണ തെരഞ്ഞെടുപ്പിലൂടെ നിലവില്‍വന്നു. അതോടെ, ഈ പദ്ധതി അവസാനിച്ചു.
പുതിയ ഭരണസമിതി നെയ്യാറ്റിന്‍കര ആലുംമൂട് ജംഗ്ഷന് മുതല്‍ ആശുപത്രി ജംഗ്ഷന് വരെയുള്ള വഴിയോര കച്ചവടക്കാരെ നഗരത്തില്‍ നിന്നൊഴിപ്പിച്ച് അമരവിളയിലെ നൈറ്റ് സ്ട്രീറ്റിലാണ് പുനഃസ്ഥാപിച്ചത്. പഴയ പാലം വഴി വാഹന ഗതാഗതത്തിനു നിയന്ത്രണമുള്ളതിനാല്‍ ഇവിടുത്തെ വഴിയോര കച്ചവടക്കാരെ പുതിയ പാലത്തിലൂടെ കടന്നുപോകുന്ന യാത്രക്കാരാരും കാണാറില്ല. ഓണക്കാലത്ത് പോലും ഇവിടുത്തെ വഴിയോര കച്ചവടക്കാര്‍ക്ക് കഷ്ടകാലമായിരുന്നുവെന്നാണ് പരാതി. നൈറ്റ് സ്ട്രീറ്റ് പദ്ധതിയും വഴിയോര കച്ചവടവും ഒരുപോലെ പൊളിഞ്ഞെന്നാണ് ഇപ്പോഴത്തെ നാട്ടുവര്‍ത്തമാനം.
Tags :