നാശത്തിന്റെ വക്കിലായ ചാരുംമൂട് കെഐപി ഓഫീസ് കെട്ടിടം
ചാരുംമൂട്: അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്താത്തതുമൂലം കല്ലട ജലസേചന പദ്ധതിയുടെ ചാരുംമൂട് ഓഫീസ് വളപ്പിലെ കെട്ടിടങ്ങൾ നശിക്കുന്നു. കല്ലട ജലസേചന പദ്ധതിയുടെ കനാൽ നിർമാണ ജോലികളുടെ ഭാഗമായാണ് 42 വർഷം മുമ്പ് ചാരുംമൂട്ടിൽ കെഐപി ഓഫീസ് പ്രവർത്തനം തുടങ്ങിയത്. നാലു പ്രധാന കെട്ടിടങ്ങളും ക്വാർട്ടേഴ്സുകളും 200 ജീവനക്കാരുമാണ് അന്നുണ്ടായിരുന്നത്.
പാലമേൽ, നൂറനാട്, ചുനക്കര, താമരക്കുളം, വള്ളികുന്നം പഞ്ചായത്തുകളിലൂടെയുള്ള കനാലുകളാണ് ചാരുംമൂട് ഓഫീസിന്റെ പരിധിയിലുള്ളത്. കനാലുകൾ കമ്മീഷൻ ചെയ്തു തുടങ്ങിയതോടെ ജീവനക്കാരുടെ എണ്ണം കുറച്ചു. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസ് കരുനാഗപ്പള്ളിക്കു മാറ്റി. പ്രധാന കെട്ടിടത്തിൽ അസിസ്റ്റന്റ് എൻജിനിയറും ഓവർസീയർമാരുമടക്കമുള്ള ജീവനക്കാരാണിപ്പോഴുള്ളത്.
ഒഴിവുണ്ടായിരുന്ന രണ്ടു കെട്ടിടങ്ങൾ 17 വർഷം മുമ്പ് കെഎസ്ഇബി ചാരുംമൂട് മേജർ സെക്ഷൻ ഓഫീസിനും ചാരുംമൂട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിനും വിട്ടുനൽകി. കെഎസ്ഇബി ഓഫീസിനു സ്വന്തമായി കെട്ടിടമായതോടെ ഇവിടെനിന്നു മാറ്റി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പിലേക്കും മാറ്റി. ഇതിനുശേഷം കെഎസ്ഇബി ഓഫീസ് നിലനിന്നിരുന്ന കെട്ടിടത്തിൽ നൂറനാട് എക്സൈസ് ഓഫീസ് പ്രവർത്തനം തുടങ്ങി. ബാക്കി കെട്ടിടങ്ങളെല്ലാം നാശത്തിന്റെ വക്കിലാണ്. കെഐപിവക കെട്ടിടവും സ്ഥലസൗകര്യവും പ്രയോജനപ്പെടുത്തി ചാരുംമൂട് കേന്ദ്രമാക്കി അഗ്നിരക്ഷാ യൂണിറ്റ് ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.