മഴ കുറഞ്ഞിട്ടും വെളളമിറങ്ങാതെ വീടുകൾ
രാമങ്കരി: മഴയും വെള്ളപ്പൊക്കവും ശക്തിപ്പെട്ടതിനെ തുടർന്ന് ചന്പക്കുളം കൃഷിഭവനു കീഴിൽ വരുന്ന പടച്ചാൽ, നാട്ടായം, ചിറയ്ക്ക്പുറം പാടശേഖരങ്ങളിൽ നിറഞ്ഞ വെള്ളം ഒരാഴ്ച പിന്നിട്ടിട്ടും ഒഴിഞ്ഞുപോകാൻ മാർഗമില്ലാതെ വന്നതിനെത്തുടർന്ന് ചന്പക്കുളം പഞ്ചായത്തിലെ 11, 12 വാർഡുകളിൽ പെട്ട 250ഓളം വീടുകൾ ഇപ്പോഴും വെള്ളത്തിൽ.
മുട്ടിനു മുകളിൽവരെ വെള്ളം നിറഞ്ഞതോടെ വീടുകൾക്കുള്ളിൽ പിടിച്ചുനില്ക്കാൻ കഴിയാതെ വന്ന ഇവർ തൊട്ടടുത്ത പോരൂർക്കര സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറുകയായിരുന്നു. മഴ കുറയുകയും മറ്റു പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങുകയും ചെയ്തെങ്കിലും പാടശേഖരങ്ങളിൽ നിറഞ്ഞ വെള്ളം ഇറങ്ങാത്തതിനാൽ ഇവർക്ക് ഇപ്പോഴും വീടുകളിലേയ്ക്ക് മടങ്ങാനാകാത്ത സ്ഥിതിയാണ്. പ്രയമായവർ മുതൽ കുഞ്ഞുകുട്ടികൾ വരെ ഉൾപ്പെടുന്ന ഇവരുടെ ജീവിതം ഏറെക്കുറെ ദുരിതം നിറഞ്ഞതായി മാറിയിട്ട് ഒരാഴ്ച പിന്നിട്ടു.
എന്നിട്ടും വെള്ളം പന്പുചെയ്തോ മറ്റേതെങ്കിലും വിധത്തിലോ പുറത്തേയ്ക്ക് കളയാൻ ആവശ്യമായ മാർഗം സ്വീകരിക്കുവാൻ ആരും തയാറായിട്ടില്ല. വിഷയം പ്രധാന ചർച്ചയായി മാറിയതോടെ കളക്ടറും ബന്ധപ്പെട്ട പാടശേഖരസമിതികളും തമ്മിൽ രണ്ട് ദിവസം മുന്പ് കൂടിയാലോചന നടത്താൻ തയാറായെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. ആദ്യ ഘട്ടത്തിൽ ക്യാന്പിൽ 350 ഓളം ആളുകൾ വരെ ഉൾപ്പെട്ടിരുന്നെങ്കിലും മറ്റു പ്രദേശങ്ങളിൽ ജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന് 100ന് അടുത്ത് ആളുകൾ അവരുടെ വീടുകളിലേയ്ക്ക് മടങ്ങി. ശേഷിക്കുന്ന 250ഓളം വരുന്ന ഇവരുടെ ജീവിതം കൂടുതൽ ദുരിതപൂർണമായി.
പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാൻ നടപടിയില്ലാത്തതിനാൽ വീടുകളിൽ നിറഞ്ഞ വെള്ളം ഒഴിഞ്ഞുപോകുന്നില്ലെന്നുമാത്രമല്ല, മങ്കൊന്പ്-ചന്പക്കുളം റോഡിലെ കെഎസ്ആർടിസി ബസ് യാത്രയും ദുരിതത്തിലായി.
വെള്ളപ്പൊക്കത്തിന്റെ ആദ്യനാളുകളിൽ സ്വകാര്യ വ്യക്തികൾ ചെറുവള്ളങ്ങളിട്ട് ഇവിടെ കടത്ത് ഇറക്കാൻ തയ്യാറായെങ്കിലും ഇപ്പോൾ അതും നിലച്ചു. ഇതോടെ നാട്ടുകാരുടെ യാത്രയും ഏറെ വെല്ലുവിളി നിറഞ്ഞതായി. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമെന്ന് ചന്പക്കുളം വികസനസമിതി സെക്രട്ടറി അഗസ്റ്റിൻ ജോസ് ആവശ്യപ്പെട്ടു.