പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക ഹെപ്പറ്റൈറ്റിസ്, ഒആര്‍എസ് ദിനാചരണം സംഘടിപ്പിച്ചു. കരളിനെ ഗുരുതരമായി ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് വൈറസ് ബാധയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനുമാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്.
ശരിയായ ആരോഗ്യ ശീലങ്ങളിലൂടെയും കൃത്യമായ പരിശോധനകളിലൂടെയും നേരത്തേയുള്ള ചികിത്സയിലൂടെയും ഹെപ്പറ്റൈറ്റിസ് സമൂഹത്തില്‍നിന്നു നിര്‍മാര്‍ജനം ചെയ്യുകയാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. മലിനമായ കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഹെപ്പറ്റൈറ്റിസ് എ പകരുന്നതെങ്കില്‍ അണുബാധയുള്ള രക്തം സ്വീകരിക്കുന്നതിലൂടെയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും ഉപയോഗിച്ച സിറിഞ്ചുകള്‍ വീണ്ടും ഉപയോഗിക്കുന്നതിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ പകരുന്നത്. ഗര്‍ഭിണിയായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും ബി,സി വൈറസുകള്‍ പകരാന്‍ സാധ്യതയുണ്ട്.
വയറിളക്ക രോഗങ്ങള്‍ മൂലമുള്ള നിര്‍ജലീകരണം തടയുന്നതില്‍ ഒആര്‍എസ് ലായനിയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒആര്‍എസ് ദിനാചരണം. ഇതോടൊപ്പം അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ വയറിളക്കം മൂലമുള്ള മരണനിരക്ക് പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റോപ്പ് ഡയേറിയ കാമ്പയിനും ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്. ജീവന് രക്ഷാലായനിയായ ഒആര്‍എസിനും സിങ്ക് ഗുളികകള്ക്കുമൊപ്പം വ്യക്തിശുചിത്വവും പരിസരശുചിത്വവും തിളപ്പിച്ചാറ്റിയ വെള്ളത്തിന്റെ ഉപയോഗവും ഉറപ്പാക്കി രോഗപ്രതിരോധം ശക്തമാക്കാനാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ദിനാചരണം ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കമര്‍ ലൈല നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.കെ. സലാം അധ്യക്ഷത വഹിച്ചു.
ജില്ലാ ടിബി ആന്‍ഡ് എയ്ഡ്സ് കണ്ട്രോള് ഓഫീസര്‍ ഡോ.പ്രിയ സേനന് മുഖ്യപ്രഭാഷണം നടത്തി. ഹെപ്പറ്റൈറ്റിസ് എ, ഒആര്‍എസിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ജൂണിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്യ വിജയകുമാറും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയെക്കുറിച്ച് എആര്‍ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ടി. ജാലിബയും ക്ലാസെടുത്തു.
ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം. മസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.എം. ഫസല്‍, ജില്ലാ വെക്ടര്ബോണ് ഡിസീസ് കണ്ട്രോള് ഓഫീസര്‍ വി.പി. കൃഷ്ണകുമാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് എ. ശിവദാസന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.കെ. അബ്ദുല്‍ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു.