കാടുമൂടി നശിച്ച ദേവികുളം സര്‍ക്കാര്‍ സ്കൂളിന്റെ മൈതാനം.
മൂന്നാര്‍: ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൈയൊഴിഞ്ഞതോടെ സര്‍ക്കാര്‍ സ്കൂളിന്റെ അധീനതയിലുള്ള മൈതാനം കാടുകയറി നശിക്കുന്നു.
ദേവികുളം സര്‍ക്കാര്‍ സ്കൂളിന്റെ മൈതാനമാണ് ഇത്തരത്തിൽ അനാഥമായി കിടക്കുന്നത്. മൂന്ന് ഏക്കറിലധികം വരുന്ന മൈതാനമാണ് പരിചരണമില്ലാതെ ഇത്തരത്തിൽ നശിക്കുന്നത്. മൈതാനത്തിന്റെ ശോച്യാവസ്ഥ മൂലം വിദ്യാര്‍ഥികള്‍ക്ക് വിനോദത്തിനോ കായിക പരിശീലനത്തിനോ സ്ഥലമില്ലാത്ത സ്ഥിതിയാണ്.
സ്കൂള്‍ അധികൃതരുടെ ഉദാസീനതയും മൈതാനം ഇത്തരത്തിൽ മോശമാകാൻ കാരണമാകുന്നുണ്ടെന്നാണ് പരാതി. നിരവധി തവണ വിദ്യാർഥികളും പൊതുപ്രവർത്തകരും പരാതി ഉന്നയിച്ചിട്ടും മാറിമാറി വന്ന പഞ്ചായത്ത് ഭരണസമിതികൾ ആവശ്യം കേട്ടതായി ഭാവിച്ചില്ല.
ബന്ധപ്പെട്ട വകുപ്പുകളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തി മൈതാനം നവീകരിക്കണമെന്നാണ് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
Tags : Official Negligence District News Local News School Playground