കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് രൂപതയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സോഷ്യല്‍ സര്‍വീസിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട സ്നേഹസംഗമം ‘സന്മന
പൊടിമറ്റം: കാഞ്ഞിരപ്പള്ളി രൂപതയിലെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായും ശാസ്ത്രീയമായും ക്രോഡീകരിച്ച് ക്രൈസ്തവ ജീവിതത്തിന്റെ ഭാഗമായി ക്രമീകരിച്ചിക്കുന്നത് എല്ലാ സഭകള്‍ക്കും മാതൃക നല്‍കുന്നുവെന്ന് സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാൾ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് രൂപതയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സോഷ്യല്‍ സര്‍വീസിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട സ്നേഹസംഗമം - സന്മനസുള്ളവര്ക്ക് സമാധാനം പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ ജീവിതം ആരാധനാലയത്തിനുള്ളില്‍ മാത്രം ഒതുങ്ങുന്നില്ല. മനുഷ്യന്റെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന സ്നേഹമാണ് ക്രൈസ്തവ ജീവിതം. സഭയുടെ വിശ്വാസ്യത സ്നേഹത്തിന്റെ സാക്ഷ്യമാണ്. സ്നേഹത്തിലൂടെയാണ് സഭയുടെ ക്രെഡിബിലിറ്റി വര്‍ധിക്കുക. മനുഷ്യനെ മാനിക്കുന്നത് ദൈവാരാധനയുടെ മുഖമാണ്. സഹായം സ്വീകരിക്കുന്ന വ്യക്തിയെ ആശ്രിതനായി നിലനിര്‍ത്താതെ പങ്കാളിയാക്കി മാറ്റി അവനെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന ഈ പദ്ധതികള്‍ ശ്ലാഘനീയമാണെന്നും കര്‍ദിനാൾ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ കൂട്ടിച്ചേര്‍ത്തു.
സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി രൂപതയില്‍ 50 ഭവനങ്ങള്‍ നിര്‍മിക്കുന്ന പ്രത്യേക പദ്ധതിക്ക് തുടക്കമായതായി യോഗത്തില്‍ അധ്യക്ഷത വഹിച്ച ബിഷപ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. രൂപതയിലെ 13 ഫൊറോനകളിലായാണ് വീടുകള്‍ നിര്‍മിക്കുന്നത്. പദ്ധതിക്കായി രൂപത സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ രണ്ടര കോടി രൂപ ചെലവഴിക്കും. ഓരോ ഭവനത്തിനും അഞ്ചുലക്ഷം രൂപ വീതം നല്‍കും. ബാക്കിയുള്ള തുക അതത് ഫൊറോനകളും ഇടവകകളും ചേര്‍ന്ന് കണ്ടെത്തുമെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.
രൂപതയുടെ സുവര്‍ണജൂബിലിയുടെ സ്മാരകമായി നിര്‍മിക്കുന്ന 50 ഭവനങ്ങളുടെ അടിസ്ഥാനശിലയുടെ വെഞ്ചരിപ്പ് കാഞ്ഞിരപ്പള്ളി രൂപത മുന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ നിര്‍വഹിച്ചു. ജൂബിലി സ്മാരക ഭവനങ്ങളുടെ ശിലകള്‍ രൂപതയിലെ 13 ഫൊറോന വികാരിമാര്‍ ഏറ്റുവാങ്ങി.
നന്മ ചെയ്തു കടന്നുപോയ ഈശോയുടെ മാതൃക സ്വീകരിച്ച് ആത്മീയ ഉണര്‍വോടെയും തീക്ഷ്ണമായ പ്രവര്‍ത്തനങ്ങളിലൂടെയും സ്വാംശീകരിച്ച ദൈവകൃപ പൊതുസമൂഹവുമായി പങ്കുവയ്ക്കുന്നതിന്റെ അനുഭവമാണ് ഈ സമ്മേളനമെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു.
രോഗങ്ങളും സാമ്പത്തിക പരിമിതികളും മറ്റു വെല്ലുവിളികളും കൊണ്ട് ജീവിതത്തില്‍ പാര്ശ്വവത്കരിക്കപ്പെട്ടുപോയവരുടെ ക്ഷേമത്തിനും വീണ്ടെടുപ്പിനുമായുള്ള പ്രവര്‍ത്തനങ്ങളിലും കര്‍ഷക ക്ഷേമപ്രവര്‍ത്തനങ്ങളിലും കാഞ്ഞിരപ്പള്ളി രൂപത അതിന്റെ ആരംഭം മുതല്‍ ബദ്ധശ്രദ്ധമാണെന്ന് ആമുഖ പ്രഭാഷണം നടത്തിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സോഷ്യല്‍ വര്‍ക്ക് ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
രൂപതാധ്യക്ഷന്റെ നേതൃത്വത്തില്‍ രൂപതയിലെ അല്മായരും സമര്‍പ്പിതരും വൈദികരും ഉള്‍പ്പെടുന്ന വിശ്വാസീസമൂഹം ഒന്നാകെ കാരുണ്യഭവനങ്ങളിലൂടെയും സംഘടനകളിലൂടെയും സമര്‍പ്പിത വ്യക്തികളിലൂടെയും, സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളിലൂടെയും ഈ ദൗത്യം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്എബിഎസ് കോണ്ഗ്രിഗേഷന് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ അമല കിടങ്ങത്താഴെ, മുണ്ടക്കയം എംഎംടി ആശുപത്രി പിആര്‍ഒ ജിജോ ജോര്‍ജ് കിഴക്കേല്‍, പെനുവേല്‍ ഇമ്മാനുവല്‍ ആശ്രമം ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വടക്കേടത്ത്, പിഡിഎസ് ഡയറക്ടര്‍ ഫാ. ജോണ്‍ പനച്ചിക്കല്‍, വി കെയര്‍ ഡയറക്ടര്‍ ഫാ. റോയി വടക്കേല്‍, ബെത്ലഹം ഭവന് ഡയറക്ടര്‍ ഫാ. ജന്‍സ് വാതല്ലൂക്കുന്നേല്‍, ഫാ. സെബാസ്റ്റ്യന്‍ പെരുനിലം, ഫാ. റോബിന് പട്രകാലായില്‍, ഫാ. ജോസഫ് പുല്‍ത്തകിടിയേല്‍, ഫാ. ആന്റണി കോട്ടൂര്‍, ബെന്നി കപ്പാട്, തങ്കച്ചന് പുളിക്കല്‍, തോമസ് തുപ്പലഞ്ഞിയില്‍, ബ്രദര്‍ ജോസഫ് തോമസ്, വിവിധ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്മാര്, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപതയിലെ സാമൂഹ്യക്ഷേമ വിഭാഗത്തിന്റെ നേതൃത്വത്തില്‍ രൂപതാതിര്‍ത്തിക്കുള്ളിലെ കാരുണ്യഭവനങ്ങളുടെയും സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളുടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍, സംഘടനകള്‍, അവയുടെ ഡയറക്ടേഴ്സ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍, സ്റ്റാഫ് പ്രതിനിധികള്‍ എന്നിവരുടെയും സ്നേഹസംഗമമാണ് സന്മനസുള്ളവര്ക്ക് സമാധാനം എന്ന പ്രോഗ്രാം.
Tags : Cleemis Catholicos Bava nattuvishesham local news Social Activities Kanjirappally Diocese