പഴയേരൂര്‍ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന മിനി എംസിഎഫിന് സമീപത്തായി ചാക്കില്‍ കെട്ടി മാലിന്യങ്ങൾ തള്ളിയിരിക്കുന്നു.
അഞ്ചല്‍ : മലയോര ഹൈവേയില്‍ അഞ്ചല്‍ - കുളത്തൂപ്പുഴ പാതയിലെ പഴയേരൂര്‍ ഭാഗത്ത് ഹരിത കര്‍മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കാന്‍ ഏരൂര്‍ പഞ്ചായത്ത് സ്ഥാപിച്ച മിനി എംസിഎഫ് നാട്ടുകാര്‍ക്ക് തലവേദനയാകുന്നു.
കടുത്ത ദുര്‍ഗന്ധം സഹിച്ച് വേണം ഇതുവഴി കടന്നു പോ കാൻ. പത്തടി ഭാഗത്തിരുന്ന മിനി എംസിഎഫ് ഇവിടേയ്ക്ക് മാറ്റിയതോടെ ഇതിന് ചുവട്ടിലുള്ള മാലിന്യം തള്ളൽ കൂടി. വീടുകള്‍ ഹോട്ടലുകള്‍ ഇറച്ചി കടകള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങളും കുട്ടികളും കിടപ്പ് രോഗികളും ഉപയോഗിക്കുന്ന ഡയപ്പർ വരെ ഇവിടെ തള്ളുന്നുണ്ട്. എംസിഎഫിന് ചുറ്റും പരിസര പ്രദേശങ്ങളിലും കാട് വളര്‍ന്ന് നില്‍ക്കുകയാണ്.
മാലിന്യങ്ങള്‍ കൂടിയതോടെ തെരുവ് നായകളുടെ ശല്യവും വര്‍ധിച്ചു. അഴുകിയതും പുഴു അരിച്ചതുമായ മാലിന്യങ്ങള്‍ കാക്കകള്‍ കൊത്തിവലിച്ച് കിണറുകളില്‍ ഉള്‍പ്പടെ ഇടുന്നതിനാല്‍ കുടിവെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലായി. എംസിഎഫ് ഉപയോഗിക്കേണ്ട ഹരിതകര്‍മ സേനാംഗങ്ങള്‍ ഇങ്ങോട്ടേക്ക് തിരിഞ്ഞു നോക്കാറെയില്ലെന്നാണ് പരാതി ഉയരുന്നത്. പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് അംഗം ഉള്‍പ്പടെയുള്ളവരോടു മാലിന്യം തള്ളുന്ന കാര്യം നേരിട്ടും അല്ലാതെയും അറിയിച്ചിട്ടും നടപടി ഒന്നുമുണ്ടായിട്ടില്ല.
പഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ടു പരാതി നല്‍കിയിട്ടും പഞ്ചായത്ത് ഭരണ സമിതി അനങ്ങാപ്പാറ നയം തുടരുകയാണ്. ഗാന്ധി ജയന്തിയോട് അനുബന്ധിച്ചും അല്ലാതെയും പഞ്ചായത്ത് കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ ശുചീകരണ പ്രവര്‍ത്തനങ്ങളൊന്നും ഈ ഭാഗത്ത് എത്തിയിട്ടില്ല. ഇത്തരത്തില്‍ പൊതുഇടങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താനും തടയുന്നതിനുമായി പഞ്ചായത്ത് പോര്‍ട്ടബിള്‍ സിസിടിവി കാമറകള്‍ വാങ്ങിയിരുന്നു. ഇത് എവിടെയെന്ന ചോദ്യവും ഉയരുകയാണ്.
അടിയന്തരമായി പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് പി.ടി. കൊച്ചുമ്മച്ചന്‍ ആവശ്യപ്പെട്ടു. സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ കഴിയുമെന്നിരിക്കെ ഇതിനും മെനക്കെടാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറായിട്ടില്ല.
ചുരുക്കത്തില്‍ പഞ്ചായത്ത് അധികൃതരുട പിടിപ്പുകേടും ഉദാസീനതയും നാട്ടുകാരെ ഇപ്പോള്‍ മൂക്കുപോത്തി നടക്കേണ്ട അവസ്ഥയില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്.
മഴകൂടി കനക്കുന്നതോടെ പകര്‍ച്ച വ്യാധികള്‍ ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്തെങ്കിലും പഞ്ചായത്ത് അധികൃതര്‍ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Tags :