പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഓപ്പറേഷന് തൂഫാനുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇതുവരെ അറസ്റ്റ് ചെയ്തത് 10,090 പേരെയെന്ന് ഉത്തരമേഖലാ ഐജി പുട്ട വിമലാദിത്യ. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന് തൂഫാന് തുടങ്ങിയിട്ട് മൂന്ന് മാസം പൂര്‍ത്തിയായി. ഇതുവരെ 165 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഇതുവരെ എല്ലാ കാര്യങ്ങളിലും നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഓപ്പറേഷന് തൂഫാന് വളരെ നന്നായി മുന്നോട്ട് പോകുകയാണ്. നാട്ടില്‍ ലഹരി വില്ക്കുന്നവരെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും പിടികൂടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇതില്‍ ഏറ്റവും പ്രധാന കാര്യം ഇതിന്റെ വേരറുക്കുക എന്നതാണ്. ആഭ്യന്തരമന്ത്രിയും ഇക്കാര്യം തന്നെയാണ് സൂചിപ്പിച്ചത്. ഓപ്പറേഷന് തൂഫാനുമായി ബന്ധപ്പെട്ട് 32 കേസുകളിലെ സാമ്പത്തിക സ്രോതസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ലക്ഷക്കണക്കിന് ആളുകളാണ് തൂഫാന് വാരിയറായത്. ജനങ്ങളുടെ പങ്കാളിത്തം ഇതില്‍ വളരെ ശ്രദ്ധേയമാണ്. ആളുകള്‍ കണ്ട കാര്യങ്ങള്‍ പൊലിസിനോട് പറയുന്നു.
അതില്‍ പൊലിസ് കാര്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്, അദ്ദേഹം വ്യക്തമാക്കി. അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസ് അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അന്വേഷണത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൂഫാന് കെയര്‍ കമ്യൂണിറ്റിയാണ് അടുത്ത സുപ്രധാന ഘട്ടം.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി(ഐഎംഎ) സഹകരിച്ച് ലഹരിക്ക് അടിമകളായവരെ അതില്‍ നിന്ന് പുറത്തെത്തിക്കുന്നതിന് കൗണ്‍സലിംഗ്, പുനരധിവാസം എന്നിവയ്ക്കുള്ള സാധ്യതകള്‍ തേടുന്നുണ്ട്. മലപ്പുറത്തുനിന്നും കഴിഞ്ഞ ദിവസം 13 കിലോഗ്രാമോളം എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ ലഹരി ഇടപാടുകാരുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് വിവരം കിട്ടി.
എന്നാല്‍, പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തെ പിടികൂടുന്നതിന് ഇന്റര്‍പോളിന്റെ സഹായം ഇതുവരെയും കേരള പൊലിസ് തേടിയിട്ടില്ലായെന്ന് ഐജി അറിയിച്ചു.