തിരൂരങ്ങാടി: മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ വീട് ഉൾപ്പെടുന്ന തിരൂരങ്ങാടി നഗരസഭ ഡിവിഷനിൽ വിമത സ്ഥാനാർഥി രംഗത്തെത്തിയത് ലീഗിന് വെല്ലുവിളി. സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ഡിവിഷനിലെ പ്രശ്നം പരിഹരിക്കാനാകാത്തത് ലീഗിന് വലിയ തലവേദനയായിരിക്കുകയാണ്.
നിലവിലെ തിരൂരങ്ങാടി നഗരസഭ ഉപാധ്യക്ഷ കാലൊടി സുലൈഖയാണ് 25-ാം ഡിവിഷനിൽപ്പെടുന്ന തിരൂരങ്ങാടി കെ.സി. റോഡ് മേഖലയിൽ പ്രചാരണം തുടങ്ങിയത്. വനിതാ സംവരണമായ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് ഇവരുടെ പേര് ഉയർന്നിരുന്നതാണ്. തർക്കമുയർന്നതോടെ ഇവർക്ക് സ്ഥാനാർഥിത്വം ഇല്ലെന്ന് കഴിഞ്ഞദിവസം ചേർന്ന തിരൂരങ്ങാടിയിലെ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി തീരുമാനിച്ചു.
അതോടെ കാലൊടി സുലൈഖ വിമത സ്ഥാനാർഥിയായി രംഗത്തിറങ്ങുകയായിരുന്നു. നിലവിലെ കൗണ്‍സിലർ മുസ്ലിം ലീഗിലെ സി.പി. ഹബീബ ഈ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥിയായി പ്രചാരണം തുടങ്ങിയിട്ടുണ്ട്.
മുന്‍പും വിമത സ്ഥാനാർഥിയായി തിരൂരങ്ങാടിയിൽ മത്സരിക്കുകയും ഗ്രാമപഞ്ചായത്ത് അംഗമാവുകയും ചെയ്തയാളാണ് കാലൊടി സുലൈഖ. ലീഗ് വിമത ആയതിനാൽ സുലൈഖ കാലൊടിയെ ഇടതുപക്ഷം പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ലെന്നും ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുന്നതിനാണ് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്നതെന്നും വനിതാ ലീഗിന്റെ മുനിസിപ്പൽ ജനറൽ സെക്രട്ടറിയും നഗരസഭാ ഉപാധ്യക്ഷയുമായ സുലൈഖ വ്യക്തമാക്കി.
എന്നാൽ വിമത പ്രവർത്തനം നടത്തുന്നത് പാർട്ടി അംഗീകരിക്കില്ലെന്നും ഇത്തരക്കാരുടെ പേരിൽ കർശന നപടികൾ ഉണ്ടാകുമെന്നും പി.എം.എ. സലാം പ്രതികരിച്ചു.
Tags : local nattuvishesham P.M.A. Salam