ചങ്ങനാശേരി: കോട്ടയത്തുനിന്നും പുതിയ വേളാങ്കണ്ണി ബസ് സര്‍വീസ് ആരംഭിക്കാനുള്ള നിര്‍ദേശം ചങ്ങനാശേരിയില്‍നിന്നുള്ള വേളാങ്കണ്ണി ബസ് സര്‍വീസിനെ ബാധിക്കാനിടയാകരുതെന്ന ആവശ്യമുയരുന്നു. ചങ്ങനാശേരിയില്‍നിന്നുള്ള വേളാങ്കണ്ണി സര്‍വീസ് ഉച്ചകഴിഞ്ഞ് 2.30നാണ് ആരംഭിക്കുന്നത്. ഈ സമയത്തിനടുത്ത് കോട്ടയത്തുനിന്നും സര്‍വീസ് ആരംഭിച്ചാല്‍ ചങ്ങനാശേരിയില്‍നിന്നുള്ള സര്‍വീസിന്റെ വരുമാനം കുറയാന്‍ കാരണമായേക്കാമെന്നാണ് ഉദ്യോഗസ്ഥരും യാത്രക്കാരും ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ പുതുതായി ആരംഭിക്കുന്ന സര്‍വീസിന്റെ സമയം അധികൃതര്‍ നന്നായി ആലോചിച്ചു മാത്രമേ തീരുമാനിക്കാവൂ എന്ന അഭിപ്രായവും ഉയരുന്നുണ്ട്.
ചങ്ങനാശേരിയില്‍നിന്നുള്ള വേളാങ്കണ്ണിബസ് സര്‍വീസ് കുറവിലങ്ങാട് വഴി നടത്താന്‍ കഴിഞ്ഞ പത്തിന് ഉത്തരവിറങ്ങിയിരുന്നു. ബസ് സര്‍വീസ് കുറവിലങ്ങാട് വഴി സര്‍വീസ് 15ന് നടത്താനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഓപ്പറേഷന് ബസ് കുറവിലങ്ങാട് വഴിപോകേണ്ടതില്ലെന്നും പുതിയ അറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസ് പാലാ, തൊടുപുഴവഴി തന്നെ തുടരട്ടെയെന്നും നിര്‍ദേശിക്കുകയായിരുന്നു. വേളാങ്കണ്ണി ബസിനെ സ്വീകരിക്കാന്‍ കുറവിലങ്ങാട് ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരും നാട്ടുകാരും കാത്തുനിന്നെങ്കിലും ബസ് എത്താതിരുന്നതോടെ അവര്‍ നിരാശരായി കോട്ടയത്തുനിന്നും കുറവിലങ്ങാട് വഴി പുതിയ വേളാങ്കണ്ണി സര്‍വീസ് ആരംഭിക്കാന്‍ മന്ത്രി മോന്‍സ് ജോസഫ് ഇടപെട്ടാണ് നിര്‍ദേശം ഉണ്ടായത്.
കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി വേളാങ്കണ്ണി സര്‍വീസ് പാലാ, തൊടുപുഴ വഴി മൂവാറ്റുപുഴയില്‍ എത്തിയാണ് സര്‍വീസ് നടത്തുന്നത്. റൂട്ടുമാറ്റിയതുമൂലം ബസ് ദിനംപത്രി കൂടുതല്‍ കിലോമീറ്റര്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള വരുമാനനേട്ടം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഈ സര്‍വീസ് വീണ്ടും കോട്ടയം, കുറവിലങ്ങാട്, കൂത്താട്ടുകുളംവഴി സര്‍വീസ് നടത്താൻ കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ഉത്തരവിറക്കിയത്. ചങ്ങനാശേരിയില്‍നിന്നുള്ള വേളാങ്കണ്ണി സര്‍വീസ് നടത്തിപ്പിലെ അപാകതമൂലം വരുമാനമിടിഞ്ഞ് നഷ്ടത്തിലോടുന്ന സാഹചര്യമാണുള്ളത്. ഈ സര്‍വീസ് മെച്ചമാക്കാനുള്ള നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു.
Tags :