വാഗമണ്‍ മൗണ്ട് നെബോ റിട്രീറ്റ് സെന്ററില്‍ ചേര്‍ന്ന പാലാ രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സിലിന്റെയും പ്രിസ്ബിറ്ററല്‍ കൗണ്‍സിലിന്റെയും സംയുക്ത സമ്മേളനം ബിഷപ് മാര്‍
പാലാ: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട കൂട്ടിക്കല്‍, മേലുകാവ്, തീക്കോയി, പൂഞ്ഞാര്‍-തെക്കേക്കര വില്ലേജുകളിലെ ജനവാസ മേഖലകള്‍, കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവ അന്തിമ വിജ്ഞാപനത്തില്‍നിന്ന് ഒഴിവാക്കണമെന്ന് പാലാ രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സിലിന്റെയും പ്രിസ്ബിറ്ററല്‍ കൗണ്‍സിലിന്റെയും സംയുക്ത സമ്മേളനം ആവശ്യപ്പെട്ടു.
ഇന്നലെ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ വാഗമണ്‍ മൗണ്ട് നെബോ റിട്രീറ്റ് സെന്ററില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രമേയം പാസാക്കിയത്. പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, വികാരി ജനറാൾമാര്‍, പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജി ആന്റണി, പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്മാന് ഡോ. വി.പി. ദേവസ്യ, വൈദികര്‍, സന്യസ്തര്‍, അല്മായ പ്രതിനിധികള്‍ എന്നിവരടക്കം മുന്നൂറിലധികം പേര് പങ്കെടുത്തു. പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയും റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജി ആന്റണി അവതരിപ്പിച്ച മൂന്ന് സുപ്രധാന പ്രമേയങ്ങള്‍ സമ്മേളനം ഐകകണ്ഠ്യേന പാസാക്കി.
പശ്ചിമഘട്ട വിജ്ഞാപനം
ഒക്ടോബര്‍ 15ന് കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിന് സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കി 98 റവന്യു വില്ലേജുകളിലായി 8,590.69 ചതുരശ്ര കിലോമീറ്റര്‍ മാത്രം ഉള്‍പ്പെടുത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഉപഗ്രഹ ചിത്രങ്ങളെ മാത്രം ആശ്രയിക്കാതെ ശാസ്ത്രീയമായ സ്ഥലപരിശോധനയും യഥാര്‍ഥ ഭൂവിനിയോഗവും അടിസ്ഥാനമാക്കി അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കണമെന്നും പ്രമേയം കേന്ദ്ര സര്‍ക്കാരിനോടഭ്യര്‍ഥിച്ചു.
ഭൗമദുരന്ത നിവാരണം
വാഗമണ്‍ ഉള്‍പ്പടെയുള്ള പാലാ രൂപതയുടെ കിഴക്കന്‍ മലയോര മേഖലയില്‍ നാൽപതിലധികം ഭൂചലന പ്രകമ്പനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സമ്മേളനം ആശങ്ക രേഖപ്പെടുത്തി. വാഗമണ്‍ തീക്കോയി മേഖലയിലെ ഭൗമശാസ്ത്രപരമായ അപകടസാധ്യതകള്‍ സമഗ്രമായി പഠിക്കുന്നതിന് പ്രത്യേക പഠനകേന്ദ്രം സ്ഥാപിക്കണമെന്നും ഉപഗ്രഹാധിഷ്ഠിത നിരീക്ഷണവും മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനവും ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
മണ്ണും മണലും അടിഞ്ഞുകൂടി പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ട ചെക്ക് ഡാമുകള്‍ ശുചീകരിച്ച് പുനഃപ്രവര്ത്തനക്ഷമമാക്കുന്നതിനും ദുരന്തസാധ്യതകള്‍ കുറയ്ക്കുന്നതിനും കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ ഫണ്ടുകള്‍ വിനിയോഗിക്കണമെന്ന് പ്രമേയം നിര്‍ദേശിച്ചു. ദുരന്തബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍
കുടുംബങ്ങളെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രഥമ കേന്ദ്രങ്ങളാക്കി മാറ്റണമെന്നും ഇടവകകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹിക കൂട്ടായ്മകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ബോധവത്കരണം ശക്തിപ്പെടുത്തണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. കേരള സര്‍ക്കാരിന്റെ ഓപ്പറേഷന് തൂഫാനുമായി സഹകരിച്ച് ലഹരിമരുന്ന് നിര്‍മാണവിതരണ ശൃംഖലകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. മദ്യലഭ്യത സുഗമമാക്കുന്ന നയങ്ങള്‍ പുനഃപരിശോധിക്കണമെന്നും ലഹരിക്ക് അടിമപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ചികിത്സ, കൗണ്‍സലിംഗ്, പുനരധിവാസം എന്നിവ ലഭ്യമാക്കണമെന്നും പ്രമേയം നിര്‍ദേശിച്ചു.
യുവജനങ്ങളുടെ വിശ്വാസരൂപീകരണം, കുടുംബസംരക്ഷണം, കാര്‍ഷിക വികസനം, തൊഴില്‍സാധ്യതകള്‍, വയോജന സംരക്ഷണം, ദളിത് ക്രൈസ്തവരുടെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍, രൂപതാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, സാങ്കേതികവിദ്യയുടെ ഉത്തരവാദിത്വപൂര്‍ണമായ ഉപയോഗം തുടങ്ങിയ വിഷയങ്ങളും സമ്മേളനം ചര്‍ച്ച ചെയ്തു.
മൗണ്ട് നെബോ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് വാഴചാരിക്കല്‍, രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോസഫ് മുത്തനാട്ട്, ചാന്‍സലര്‍ ഫാ. ജോസ് കുറ്റിയാങ്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
Tags :